
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താത്ക്കാലിക ഭരണകൂടം അധികാരമേല്‍ക്കുമെന്ന് താലിബാന്‍ അറിയിച്ചു. രാജ്യത്തെ എല്ലാ വംശീയ, ഗോത്ര പശ്ചാതലങ്ങളില്‍ നിന്നുള്ള നേതാക്കളേയും ഉള്‍പ്പെടുത്തിയ സര്‍ക്കാരായിരിക്കും താത്ക്കാലികമായി അധികാരമേല്‍ക്കുകയെന്നാണ് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മന്ത്രിമാരും നേതാക്കളുമായി ഒരു ഡസനോളം പേരുകള്‍ പരിഗണനയിലുണ്ട്. ഭാവി സര്‍ക്കാറിന്റെ രൂപം തീരുമാനിക്കാനും മന്ത്രിമാരെ നാമനിര്‍ദ്ദേശം ചെയ്യാനും പരമോന്നത നേതൃത്വ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ജുഡീഷ്യറി, ആഭ്യന്തര സുരക്ഷ, പ്രതിരോധം, വിദേശകാര്യങ്ങള്‍, ധനകാര്യം, വിവരങ്ങള്‍, കാബൂളിന്റെ കാര്യങ്ങള്‍ക്കായി പ്രത്യേക നിയമനം തുടങ്ങിയവയാണ് പ്രധാന മന്ത്രാലയങ്ങള്‍. താലിബാന്‍ സ്ഥാപകന്‍ മുല്ല ബരദാര്‍ തലസ്ഥാനമായ കാബൂളിലുണ്ട്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാരംഭ കൂടിയാലോചനകള്‍ക്കായി താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ് കാണ്ഡഹാറില്‍ നിന്നും കാബൂളിലെത്തുമെന്നും വിവരമുണ്ട്.
മന്ത്രിസഭയില്‍ താജിക്കിസ്ഥാനികളേയും ഉസ്ബെക്ക് ഗോത്ര നേതാക്കളെയും ഉള്‍പ്പെടുത്തുമെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാരില്‍ അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയേയും ദേശീയ അനുരഞ്ജന ഹൈ കൗണ്‍സില്‍ മുന്‍ മേധാവി അബ്ദുല്ല അബ്ദുല്ല ഉള്‍പ്പെടെ പഴയ സര്‍ക്കാരിലെ ചില അംഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നതായി താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ 110 പേര്‍ മരിച്ചതായാണ് വിവരം. ഇവരില്‍ 28 താലിബാന്‍ അംഗങ്ങളും 13 യു എസ് സൈനികരും ഉള്‍പ്പെടും. 2020ല്‍ യു എസുമായി ഒപ്പുവെച്ച ദോഹ ഉടമ്പടി പ്രകാരം തീവ്രവാദ ആക്രമണങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും താലിബാന്‍ അല്‍ ജസീറയോടു പറഞ്ഞു.
നഗരങ്ങളിലുയര്‍ത്തിയ അനാവശ്യ ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും ചെക്ക് പോസ്റ്റിലുള്ളവര്‍ ജനങ്ങളോട് മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്കിയതായും താലിബാന്‍ അറിയിച്ചു.


