

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഖത്തര്‍ സമയം രാവിലെ 6.45ന് ഐ സി സിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പതാക ഉയര്‍ത്തും.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആഗസ്ത് 15ന് വൈകിട്ട് ഏഴ് മണിക്ക് ഡി പി എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 75-ാം വാര്‍ഷികത്തില്‍ വിജയവും വളര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ക്ഷേമം എന്നിവയുടെ ആഘോഷം കൂടിയാണിത്.

ജനഹൃദയങ്ങളില്‍ ദേശസ്‌നേഹത്തിന്റെ വികാരം വളര്‍ത്തുകയും രാഷ്ട്രനിര്‍മാണത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചവരുടെ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്യും.
ഖത്തറില്‍ ഏകദേശം എട്ട് ലക്ഷം ഇന്ത്യക്കാരാണുള്ളത്. ഖത്തറിന്റെ വളര്‍ച്ചയിലും സമൃദ്ധിയിലും ശ്രദ്ധേയമായ സംഭാവനകളാണ് ഇന്ത്യക്കാര്‍ നല്‍കിയിരിക്കുന്നത്. ദശാബ്ദങ്ങളായി ഖത്തറിനെ രണ്ടാം വീടായാണ് പലരും കാണുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ടിന്റെ ആഘോഷത്തില്‍ വിവിധ അനുബന്ധ സംഘടനകളും സ്‌കൂളുകളും പങ്കെടുക്കും. ഐ സി സി കോര്‍ഡിനേറ്റിംഗ് ഓഫിസര്‍ സേവ്യര്‍ ധനരാജ്, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ എ പി മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

