
മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി സീനത്ത് ചോലക്കല്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി.

സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്ന സീനത്തിന് തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്ററും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേര്‍ന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തുകയായിരുന്നു.

സീനത്തിന്റെ സാമ്പത്തികവും ആരോഗ്യപരവുമായ സാഹചര്യം പരിഗണിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അനുവദിക്കുകയായിരുന്നു. എംബസിയുടെ സമയോചിതമായ ഇടപെടലിന് പ്രവാസി ലീഗല്‍ സെല്‍ നന്ദി അറിയിച്ചു. ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത സീനത്തിനെ കൊച്ചിയില്‍ എത്തിയ ശേഷം നോര്‍ക്ക ആംബുലന്‍സ് മുഖേന കോഴിക്കോട് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
യാത്രയില്‍ സീനത്തിനെ അനുഗമിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഉണ്ണിക്കും കുടുംബത്തിനും പ്രവാസി ലീഗല്‍ സെല്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
യാത്രാ നടപടികളില്‍ സഹകരിച്ച ബഹ്റൈനിലെ ഇന്ത്യന്‍ എംബസി, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് അധികൃതര്‍, ഇന്‍ഡിഗോ ബഹ്റൈന്‍, റിയാസ്, ബഹ്റൈന്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ എന്നിവര്‍ക്കും സംഘടന നന്ദി അറിയിച്ചു. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശും യാത്രാ ക്രമീകരണങ്ങളില്‍ സജീവമായി സഹകരിച്ചു.
പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആവശ്യമായ സമയത്ത് പ്രവാസി ലീഗല്‍ സെല്‍ തുടര്‍ന്നും സജീവമായി ഇടപെടുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി ആര് ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത് അറിയിച്ചു.

