സ്വാതന്ത്ര്യ ദിനത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

Web Desk
2 Min Read

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ നിര്‍മിത ബുദ്ധി (എ ഐ), വിദ്യാഭ്യാസം, സെമികണ്ടക്ടര്‍ നിര്‍മാണം, ആണവോര്‍ജം, സിവില്‍ ഡിഫന്‍സ്, കായികരംഗം തുടങ്ങി വിവിധ മേഖലകളില്‍ വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന് ഏഴ് പ്രധാന മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

city exchange

വികസിത ഇന്ത്യയ്ക്കായി ഏഴ് മേഖലകള്‍

നിര്‍മാണം, കൃഷി- ഭക്ഷ്യസംസ്‌കരണം, സാങ്കേതികവിദ്യ, നവീകരണം, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടെ ഏഴ് മേഖലകളാണ് വികസിത രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് പ്രധാന ചാലകശക്തികളാകുകയെന്ന് മോഡി പറഞ്ഞു.

ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വില, ഗുണനിലവാരം, ഉത്പാദനശേഷി എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. കൃഷി ആഭ്യന്തര വിപണിയില്‍ മാത്രം ഒതുങ്ങാതെ ആഗോള വിപണിയിലേക്ക് കടക്കണമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍, ചെറുധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പൂക്കള്‍ തുടങ്ങിയവ ആഗോള ബ്രാന്‍ഡുകളാക്കി മാറ്റണം. സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് രാജ്യാന്തര വിപണികളിലേക്ക് പ്രവേശനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

- Advertisement -
Ad image

ഒരുകോടി യുവാക്കള്‍ക്ക് എ ഐ പരിശീലനം

അടുത്ത ഒരു വര്‍ഷത്തിനിടെ ഒരു കോടി യുവാക്കള്‍ക്ക് നിര്‍മിത മബുദ്ധിയില്‍ പരിശീലനം നല്‍കുന്ന ദേശീയ എഐ നൈപുണ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മോഡി പ്രഖ്യാപിച്ചു. എഐയും അത്യാധുനിക സാങ്കേതികവിദ്യകളും നിര്‍ണായകമാകുന്ന ഭാവി തൊഴില്‍വിപണിക്ക് യുവാക്കളെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മത്സരപ്പരീക്ഷകള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

വിവിധ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവാക്കള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള പരീക്ഷാ പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ 78 സെമികണ്ടക്ടര്‍ പ്ലാന്റുകള്‍

ഇന്ത്യയുടെ സെമികണ്ടക്ടര്‍ മേഖലയില്‍ വന്‍ വികസനലക്ഷ്യവും മോഡി പ്രഖ്യാപിച്ചു. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഏഴ് മുതല്‍ എട്ട് വരെ പുതിയ സെമികണ്ടക്ടര്‍ നിര്‍മാണ പ്ലാന്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള വിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ടാക്കാന്‍ നിര്‍മാണമേഖലയില്‍ ചെലവ്, ഗുണനിലവാരം, ഉല്‍പാദനശേഷി എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

2047ഓടെ 100 ജിഗാവാട്ട് ആണവോര്‍ജം

2047ഓടെ ഇന്ത്യയുടെ ആണവോര്‍ജ ഉത്പാദനശേഷി 100 ജിഗാവാട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യം. അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മോദി പറഞ്ഞു.

ആധുനിക സിവില്‍ ഡിഫന്‍സ് സേന

മാറിവരുന്ന സുരക്ഷാ വെല്ലുവിളികളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ പരിശീലനം ലഭിച്ച വലിയൊരു ആധുനിക സിവില്‍ ഡിഫന്‍സ് സന്നദ്ധസേന രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പുതിയ കാലത്തെ സുരക്ഷാ ഭീഷണികള്‍ക്കും ദുരന്തസാഹചര്യങ്ങള്‍ക്കും ഫലപ്രദമായി പ്രതികരിക്കാന്‍ സേനയെ സജ്ജമാക്കുകയാണ് ലക്ഷ്യം.

5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ കായികപ്രതിഭകളെ കണ്ടെത്തും

രാജ്യവ്യാപകമായി 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളിലെ കായികപ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക പ്രതിഭാന്വേഷണ പദ്ധതി ആരംഭിക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ പദ്ധതി നടപ്പാക്കുമെന്ന് മോഡി വ്യക്തമാക്കി. യുവ കായികതാരങ്ങളെ കണ്ടെത്തി വളര്‍ത്തുകയാണ് ലക്ഷ്യം.

Share This Article
Leave a Comment
error: Content is protected !!