
റിയാദ്: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു എ ഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോകിന്റെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ശക്തമായി അപലപിച്ചു.

ഇത്തരം ആക്രമണങ്ങള്‍ അപകടകരവും അംഗീകരിക്കാനാകാത്തതുമായ സാഹചര്യം സൃഷ്ടിക്കുന്നതോടൊപ്പം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ സമുദ്രഗതാഗതത്തിന്റെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കണ്‍വെന്‍ഷന്റെയും യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രസക്തമായ പ്രമേയങ്ങളുടെയും ലംഘനമാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ കൗണ്‍സിലിന്റെ 2817-ാം പ്രമേയത്തിന്റെ ലംഘനവും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനപ്പെട്ട ഈ അന്താരാഷ്ട്ര ജലപാതയെ സമ്മര്‍ദത്തിനും ഭീഷണിക്കും ഉള്ള ഉപാധിയാക്കി മാറ്റാനുള്ള ഇറാന്റെ ഏത് ശ്രമത്തെയും ജി സി സി പൂര്‍ണമായി നിരാകരിക്കുന്നതായി അല്‍ ബുദൈവി പറഞ്ഞു. ആവര്‍ത്തിച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍, സമുദ്രനിയമം, ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി സമുദ്രഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തത്തോടെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു എ ഇയോട് ജി സി സിയുടെ പൂര്‍ണവും അചഞ്ചലവുമായ ഐക്യദാര്‍ഢ്യം അദ്ദേഹം ആവര്‍ത്തിച്ചു. യു എ ഇയുടെ സുരക്ഷ, പരമാധികാരം, സ്വത്തുക്കള്‍, താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ജി സി സി പിന്തുണ നല്‍കുമെന്നും അല്‍ ബുദൈവി വ്യക്തമാക്കി.

