
മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐ സി ആര്‍ എഫ് ബഹ്റൈന്‍) സംഘടിപ്പിക്കുന്ന ബഹ്റൈനിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഏറ്റവും വലിയ വാര്‍ഷിക കലാ കാര്‍ണിവല്‍ ‘ഫേബര്‍ കാസ്റ്റല്‍ സ്‌പെക്ട്ര 2025’ ഡിസംബര്‍ 5ന് വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ ക്യാമ്പസില്‍ നടക്കും. മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.

ബഹ്റൈനിലെ യുവ കലാ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ മത്സരം ഇന്ത്യന്‍, ബഹ്റൈന്‍ കരിക്കുലം സ്‌കൂളുകളും മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതി വിദ്യാലയങ്ങളും ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന പങ്കാളിത്തം കൊണ്ടും സമ്പന്നമാണ്. സൗഹൃദപരവും സൃഷ്ടിപരവുമായ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികളുടെ കലാപാടവങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം.

5- 8, 8- 11, 11- 14, 14- 18 പ്രായവിഭാഗങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കാനാവുക. ഈ വിഭാഗങ്ങളിലേക്കുള്ള പങ്കാളിത്തം സ്‌കൂളുകള്‍ മുഖാന്തിരം മാത്രമേ അനുവദിക്കൂ. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ലിങ്ക് വഴി മത്സരത്തില്‍ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഫേബര്‍ കാസ്റ്റല്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യ ഡ്രോയിംഗ് മെറ്റീരിയലുകള്‍ വിതരണം ചെയ്യും. ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് പേര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഓരോ ഗ്രൂപ്പിലെയും മികച്ച 50 പേര്‍ക്ക് മെഡലുകളും എല്ലാ പങ്കാളികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ലഭിക്കും.
മത്സരത്തിലെ വിജയിയായ കലാസൃഷ്ടികളും മറ്റ് മികച്ച സൃഷ്ടികളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഐ സി ആര്‍ എഫ് 2026 വാള്‍ ആന്റ് ഡെസ്‌ക് കലണ്ടറുകള്‍ 2025 ഡിസംബറില്‍ പുറത്തിറക്കും. ഈ കലണ്ടറുകള്‍ സ്‌പോണ്‍സര്‍മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും അസോസിയേഷനുകള്‍ക്കും വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് സ്‌പെക്ട്ര കണ്‍വീനര്‍ മുരളീകൃഷ്ണന്‍ 34117864, ജോയിന്റ് കണ്‍വീനര്‍ നിതിന്‍ 39612819, ഇമെയില്‍: [email protected]

