പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗത്വമുണ്ടായിട്ടും പെന്‍ഷന്‍ നിഷേധിക്കുന്ന നിലവിലെ നിലപാട് മാറ്റണമെന്ന് കെ എം സി സി ബഹ്റൈന്‍

Web Desk
2 Min Read

മനാമ: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ വര്‍ഷങ്ങളായി അംഗങ്ങളായി അംശാദായം അടച്ചിട്ടും പെന്‍ഷന്‍ പ്രായത്തിലെത്തുമ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആനുകൂല്യം നിഷേധിച്ചിരുന്ന ഇടതുപക്ഷ സമീപനം അവസാനിപ്പിക്കണമെന്ന് കെ എം സി സി ബഹ്റൈന്‍ ആവശ്യപ്പെട്ടു.

city exchange

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന് തുടര്‍നടപടികള്‍ക്കായി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കെ എം സി സി ബഹ്റൈന് മറുപടി ലഭിച്ചു.

രോഗം, തൊഴില്‍ നഷ്ടം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാല്‍ ഏതാനും മാസങ്ങള്‍ അംശാദായം അടയ്ക്കാന്‍ കഴിയാതെ വന്ന നിരവധി പ്രവാസികള്‍ പിന്നീട് കുടിശ്ശികയും പിഴയും അടച്ച് അംഗത്വം പുതുക്കാന്‍ ശ്രമിച്ചെങ്കിലും പ്രവാസി പെന്‍ഷന് അര്‍ഹതയില്ലന്ന്
അറിയിക്കുകയായിരുന്നുവെന്ന് കെ എം സി സി ബഹ്‌റൈന്‍ ചൂണ്ടിക്കാട്ടി. ഓണ്‍ലൈനിലൂടെ അംശാദായം അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ‘അംഗത്വം നഷ്ടപ്പെട്ടു’ എന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും 60 വയസ് കഴിഞ്ഞാല്‍ അംഗത്വം പുനഃസ്ഥാപിക്കാനാകില്ലെന്ന നിലവിലെ ചട്ടം ആയിരക്കണക്കിന് പ്രവാസികളെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്ന് അകറ്റുകയാണെന്നും കെ എം സി സി ബഹ്‌റൈന്‍ ആരോപിച്ചു.

രോഗം, തൊഴില്‍ നഷ്ടം തുടങ്ങിയ ജീവിതസാഹചര്യങ്ങള്‍ മൂലം ഒന്നോ രണ്ടോ മാസത്തെ അംശാദായം മുടങ്ങിയതിന്റെ പേരില്‍ വര്‍ഷങ്ങളായി അടച്ച അംശാദായവും പെന്‍ഷന്‍ അവകാശവും ഒരുമിച്ച് നഷ്ടപ്പെടുത്തുന്നത് നീതിയല്ലെന്നാണ് പ്രവാസികളുടെ ആക്ഷേപം. കുടിശ്ശികയും പിഴയും ഒരുമിച്ച് അടച്ച് അംഗത്വം നിലനിര്‍ത്താന്‍ അവസരം നല്‍കാതെ അംഗത്വം റദ്ദാക്കുന്ന നിലവിലെ രീതി പുനഃപരിശോധിക്കണമെന്നും കെ എം സി സി
ബഹ്റൈന്‍ ആവശ്യപ്പെട്ടു.
59-ാം വയസ്സില്‍ ക്ഷേമനിധിയില്‍ അംഗമായ ഒരാള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും 64-ാം വയസ്സില്‍ പെന്‍ഷന് അര്‍ഹത നേടാന്‍ കഴിയാത്ത സാഹചര്യം യുക്തിരഹിതമാണെന്നും ക്ഷേമനിധിയില്‍ അഞ്ച് വര്‍ഷം അംഗത്വം പൂര്‍ത്തിയാക്കിയവര്‍ക്ക് കുടിശ്ശികയും നിയമാനുസൃത പിഴയും അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനും പെന്‍ഷന്‍ ആനുകൂല്യം ലഭ്യമാക്കാനും സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കെ എം സി സി ബഹ്റൈന്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

കെ എം സി സി ബഹ്റൈന്‍ വൈസ് പ്രസിഡന്റ് എ പി ഫൈസല്‍ ആണ് മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

Share This Article
Leave a Comment
error: Content is protected !!