
ദോഹ: ഖത്തറിലെ കണ്ടല്‍ക്കാടുകള്‍ ഏകദേശം 14 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണുള്ളതെന്നും അതില്‍ ഏഴ് ചതുരശ്ര കിലോമീറ്ററിലധികം അല്‍ ദഖിറ സംരക്ഷിത മേഖലയിലാണുള്ളതെന്നും ഖത്തറിലെ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

പ്രതിവര്‍ഷം ജൂലൈ 26-ന് ആചരിക്കുന്ന അന്താരാഷ്ട്ര കണ്ടല്‍ ആവാസവ്യവസ്ഥ സംരക്ഷണ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനും അനുയോജ്യമായ പ്രദേശങ്ങളില്‍ പുതിയ കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ച് വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

അല്‍ ഖോര്‍, അല്‍ ദഖിറ, അല്‍ വക്ര, മിസഈദ് എന്നിവിടങ്ങള്‍ക്കു പുറമേ അല്‍ ആലിയ ദ്വീപ്, ഫുവൈരിത്, അല്‍ റുവൈസ്, അല്‍ അരീഷ്, അല്‍ ജുമൈല്‍ എന്നിവിടങ്ങളിലും കണ്ടല്‍ക്കാടുകള്‍ വ്യാപകമായി കാണപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു.
ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് കണ്ടല്‍ക്കാടുകളും അവയുടെ വ്യാപന മേഖലകളും സംരക്ഷിക്കുന്നതിനും അമിതമായ ചൂഷണം തടയുന്നതിനും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ പ്രദേശങ്ങളില്‍ കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കിവരുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
കണ്ടല്‍ക്കാടുകളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നത് മാത്രമല്ല സംരക്ഷണമെന്നു വന്യജീവി വികസന വകുപ്പ് ഡയറക്ടര്‍ ഖാലിദ് ജുമ അല്‍ മുഹന്നദി പറഞ്ഞു. വേലിയേറ്റ- വേലിയിറക്കം, മണ്ണിന്റെ സ്വഭാവം, ഉപ്പിന്റെ അളവ് എന്നിവ വിലയിരുത്തി അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്തുന്നതു മുതല്‍ തൈകളുടെ വളര്‍ച്ചയും പുനരുദ്ധാരണത്തിന് ശേഷമുള്ള അവയുടെ നിലയും നിരീക്ഷിക്കുന്ന സമഗ്രമായ മാനേജ്‌മെന്റാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
പുനരുദ്ധാരണ പദ്ധതികളുടെ വിജയം നട്ടുപിടിപ്പിച്ച തൈകളുടെ എണ്ണത്തില്‍ മാത്രമല്ല, അവ സ്വാഭാവികമായി വളരുകയും നിലനില്‍ക്കുകയും സമുദ്ര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, സ്വാഭാവിക പുനരുജ്ജീവനം പ്രോത്സാഹിപ്പിക്കല്‍, തീരദേശ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാതെ ശാസ്ത്രീയമായി കണ്ടല്‍വനം വ്യാപിപ്പിക്കല്‍ എന്നിവയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ടല്‍വനം പുനരുദ്ധരിക്കുന്നതിന് അനുയോജ്യമായ സ്ഥലം, സമയം, നടീല്‍രീതി എന്നിവ നിര്‍ണായകമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്നും ഖാലിദ് ജുമ അല്‍ മുഹന്നദി പറഞ്ഞു. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൂട്ടി മന്ത്രാലയവുമായി ഏകോപനം നടത്തണമെന്നും നിര്‍ദേശിക്കുന്ന പ്രദേശങ്ങള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ലോകതലത്തിലുള്ള കണക്കുകള്‍ പ്രകാരം ഒരു ഹെക്ടര്‍ കണ്ടല്‍ക്കാടില്‍ മരങ്ങളിലും മണ്ണിലും സംഭരിക്കപ്പെടുന്ന കാര്‍ബണ്‍ ഉള്‍പ്പെടെ ഏകദേശം 3,754 ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിന് തുല്യമായ കാര്‍ബണ്‍ ശേഖരണമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതില്‍ കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
തീരപ്രദേശങ്ങളെ മണ്ണൊലിപ്പില്‍ നിന്ന് സംരക്ഷിക്കുന്ന പ്രകൃതിദത്ത പ്രതിരോധ കവചമായി കണ്ടല്‍ക്കാടുകള്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം തിരമാലകളുടെയും കടല്‍ക്കൊടുങ്കാറ്റുകളുടെയും ആഘാതം കുറയ്ക്കാനും സഹായിക്കുന്നു.
മത്സ്യങ്ങള്‍, ചെമ്മീന്‍, മറ്റ് ജലജീവികള്‍ എന്നിവയുടെ പ്രജനനത്തിനും വളര്‍ച്ചയ്ക്കും ആഹാരശേഖരണത്തിനും അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്ന കണ്ടല്‍ക്കാടുകള്‍ സ്ഥിരവാസികളായും ദേശാടനപ്പക്ഷികളായും നിരവധി പക്ഷികളുടെ പ്രധാന ആവാസകേന്ദ്രവുമാണ്. ഇതുവഴി സമുദ്ര- തീരദേശ ജൈവവൈവിധ്യം ശക്തിപ്പെടുന്നതായും മന്ത്രാലയം വ്യക്തമാക്കി.
കണ്ടല്‍ക്കാടുകള്‍ക്ക് പരിസ്ഥിതി പ്രാധാന്യത്തിനൊപ്പം വിനോദസഞ്ചാര- സാമ്പത്തിക മേഖലകളിലും വലിയ മൂല്യമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രത്യേകിച്ച് അല്‍ ദഖിറ സംരക്ഷിത മേഖല പ്രകൃതി സ്‌നേഹികളുടെയും പരിസ്ഥിതി വിനോദസഞ്ചാരികളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ്.
കൂടാതെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിനും തീരദേശ ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും കണ്ടല്‍ക്കാടുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രകൃതിവിഭവങ്ങള്‍ ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുന്ന ദേശീയ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി കണ്ടല്‍ച്ചെടികള്‍ പിഴുതുമാറ്റുകയോ നശിപ്പിക്കുകയോ ചെയ്യരുതെന്നും അവയുടെ വ്യാപന മേഖലകളില്‍ മാലിന്യം തള്ളരുതെന്നും മന്ത്രാലയം പൊതുജനങ്ങളോടും തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരോടും അഭ്യര്‍ഥിച്ചു.
കടല്‍ത്തീരങ്ങളിലെ വേലിയേറ്റ- വേലിയിറക്ക മേഖലകളിലും ചെളിപ്രദേശങ്ങളിലുമാണ് കണ്ടല്‍ച്ചെടികള്‍ വളരുന്നത്. ഉയര്‍ന്ന ഉപ്പിന്റെ അളവ് സഹിക്കാന്‍ കഴിവുള്ള ഇവ ഓക്‌സിജന്‍ കുറവുള്ള മണ്ണിലും വളരുന്നു. വെള്ളത്തിനും ചെളിക്കും മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ന്യൂമാറ്റോഫോര്‍സ് എന്ന പ്രത്യേക വായുവേരുകളാണ് ഇവയുടെ പ്രധാന സവിശേഷത.

