

ദോഹ: ഫോര്‍ മൈ ലവ്- ഞാനും ഞാനുമെന്റാളും നാലാം കാംപയ്‌നിന്റെ ഭാഗമായി ഇത്തവണ ഖത്തറിലെത്തുന്നത് 13 കുടുംബിനികള്‍. റേഡിയോ മലയാളം 98.6 എഫ് എം ആണ് പരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നന്മയുള്ള ശബ്ദം.

പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കല്‍ പോലും തന്റെ ജീവിത പങ്കാളിക്ക് തങ്ങള്‍ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാന്‍ അവസരം ലഭിക്കാതിരുന്ന ഏറ്റവും അര്‍ഹരായ ഏതാനും പേര്‍ക്കാണ് ഇത്തവണയും തങ്ങളുടെ പ്രിയ ഭാര്യമാരെ കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തര്‍ കാണാനും അവസരമൊരുങ്ങുന്നത്.


‘ഫോര്‍ മൈ ലവ്’ നാലാം സീസണില്‍ ശ്രോതാക്കള്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും അര്‍ഹരായ പ്രവാസികളുടെ ഭാര്യമാര്‍ മാര്‍ച്ചില്‍ ഒരാഴ്ചക്കാലത്തേക്ക് തങ്ങളുടെ ഭര്‍ത്താക്കന്‍മാരോടൊത്ത് ഖത്തറില്‍ ഒത്തുചേരും. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിറഞ്ഞ പിന്തുണയോടെയാണ് ‘ഫോര്‍ മൈ ലവ്- ഞാനും ഞാനുമെന്റാളും’ നടത്തുന്നത്.

ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലുമായി ഖത്തറില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളില്‍ നിന്നും റേഡിയോ ശ്രോതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 13 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുക. മാര്‍ച്ച് ഒന്നു മുതല്‍ ഏഴു വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികള്‍ക്ക് പ്രമുഖര്‍ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കല്‍ ചടങ്ങ്, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്കുന്ന സ്വീകരണങ്ങള്‍, രാജ്യത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം, നിരവധി സമ്മാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019ലും 2023ലും യഥാക്രമം 10, 11, 12 ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടര്‍ച്ചയായാണ് സീസണ്‍ നാല് സംഘടിപ്പിക്കുന്നത്.

പത്രസമ്മേളനത്തില്‍ റേഡിയോ മലയാളം ഡയരക്ടറും സി ഇ ഒയുമായ അന്‍വര്‍ ഹുസൈന്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.

ദോഹയിലെ സാതര്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ കാംപയിന് ഔദ്യോഗിക തുടക്കം കുറിച്ചു.

