
ദോഹ: ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) ഖത്തര്‍ സംഘടിപ്പിച്ച ‘മണ്‍ഡേ ബൈറ്റ്സ്’ പ്രത്യേക സെഷന് ബിസിനസ് നേതാക്കളെയും സംരംഭകരെയും പ്രൊഫഷണലുകളെയും എ ഐ പരിശീലനം പൂര്‍ത്തിയാക്കിയവരെയും ഒരേ വേദിയില്‍ ഒന്നിപ്പിച്ചു. പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറും ഐ ബി പി സി ഖത്തറിന്റെ രക്ഷാധികാരിയുമായ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

അടുത്തിടെ റാസ് ലഫാനില്‍ ഉണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും സംഘാടകര്‍ അനുശോചനം രേഖപ്പെടുത്തി.

ഐ ബി പി സി ഖത്തര്‍ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീം സ്വാഗതം പറഞ്ഞു. ഐ ബി പി സി ഖത്തറിന്റെ പ്രധാന സംരംഭങ്ങളിലൊന്നായ മണ്‍ഡേ ബൈറ്റ്സ് ബിസിനസ് രംഗത്തെ പുതിയ പ്രവണതകള്‍, അവസരങ്ങള്‍, വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള ശ്രദ്ധേയ വേദിയായി വളര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യ- ഖത്തര്‍ ബന്ധം കൈവരിച്ച ശ്രദ്ധേയമായ പുരോഗതി വിശദീകരിച്ചു. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ, നവീകരണം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ സഹകരണ സാധ്യതകള്‍ വര്‍ധിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് തുടര്‍ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയില്‍ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ പ്രത്യേക സെഷന് അരങ്ങേറി. മത്സരത്തിനപ്പുറം വ്യക്തികളും സ്ഥാപനങ്ങളും തനതായ മൂല്യവും ശേഷിയും വളര്‍ത്തിയെടുക്കുന്നതിലൂടെ അവസരങ്ങളെയും പങ്കാളിത്തങ്ങളെയും വളര്‍ച്ചയെയും സ്വയം ആകര്‍ഷിക്കാനാകുമെന്ന് വിവിധ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു.
പരിപാടിയോടനുബന്ധിച്ച് ജൂണ്‍ 13, 20 തിയ്യതികളില്‍ സംഘടിപ്പിച്ച ഐ ബി പി സി എ ഐ അഡ്വാന്റേജ് സര്ട്ടിഫിക്കേഷന് പ്രോഗ്രാമിന്റെ ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യുഗത്തിലേക്ക് പ്രൊഫഷണലുകളെയും ബിസിനസ് നേതാക്കളെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രോംപ്റ്റ് എന്‍ജിനീയറിങ്, എ ഐ അധിഷ്ഠിത ഉല്പാദനക്ഷമത, കണ്ടന്റ് ക്രിയേഷന്, ഓട്ടോമേഷന്‍, തന്ത്രപരമായ തീരുമാനമെടുക്കല്‍, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനമാണ് നല്‍കിയത്. തൊഴില്‍, ബിസിനസ്, സ്ഥാപന പ്രവര്‍ത്തനം എന്നിവയില്‍ എ ഐ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള അറിവും നൈപുണ്യവും പങ്കെടുത്തവര്‍ക്ക് ഈ പരിശീലനത്തിലൂടെ ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു.
അംബാസഡര്‍ വിപുലിന്റെ സേവനങ്ങളെ ആദരിക്കുന്നതിനും അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്തുന്നതിനുമായി ചടങ്ങില്‍ അനുമോദനവും കേക്ക് മുറിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

