Featured
ഗാസയിലെ ഏക കാന്‍സര്‍ ആശുപത്രി ഇസ്രായേല്‍ തകര്‍ത്തു

ഗാസ: കാന്‍സര്‍ രോഗികളെ ചികിത്സിക്കുന്നതിനുള്ള ഗാസയിലെ ഏക ആശുപത്രി ഇസ്രായേല്‍ അധിനിവേശ സേന തകര്‍ത്തു.


ഗാസ മുനമ്പിലെ കാന്‍സര്‍ ചികിത്സയില്‍ വൈദഗ്ധ്യമുള്ള ഏക മെഡിക്കല്‍ സൗകര്യമായ തുര്‍ക്കിഷ്- ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിയാണ് ഇസ്രായേല്‍ സൈന്യം ബോംബ് വെച്ച് തകര്‍ത്തതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിനിടയില്‍ നെറ്റ്‌സാരിം ഇടനാഴിയുടെ നിയന്ത്രണത്തില്‍ ഇസ്രായേല്‍ സൈന്യം വളരെക്കാലം ആശുപത്രി കെട്ടിടം കൈവശപ്പെടുത്തിയിരുന്നു. ഇത് ഒരു സൈനിക താവളമായി ഉപയോഗിച്ചു.

2011ല്‍ നിര്‍മ്മാണം ആരംഭിച്ചതിന് ശേഷം 2017ലാണ് തുര്‍ക്കിഷ്- ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രി പൂര്‍ത്തിയായത്. നാല് പ്രധാന ശസ്ത്രക്രിയാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ലബോറട്ടറികള്‍, 180 രോഗി മുറികള്‍ എന്നിവയുള്‍പ്പെടെ എട്ട് കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് 33,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ സൗകര്യം.


കഴിഞ്ഞ ചൊവ്വാഴ്ച ആക്രമണം പുന:രാരംഭിച്ചതിന് ശേഷം ഇസ്രായേല്‍ സൈന്യം ആശുപത്രി സ്‌ഫോടകവസ്തുക്കള്‍ കൊണ്ട് നിറച്ച് പൂര്‍ണ്ണമായും പൊളിച്ചുമാറ്റി.
ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ആരംഭിച്ച രണ്ട് മാസത്തെ ഇടവേള അവസാനിപ്പിച്ചുകൊണ്ട്, കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം പുന:രാരംഭിച്ചത്.


