Special
ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴുണ്ടാകുന്ന മാനസികാഘാതത്തെ എങ്ങനെ നേരിടാം
അപകടങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോള്‍ അതിനിരയാകുന്നവര്‍ക്ക് ശാരീരികമായ പിന്തുണ നല്‍കുന്നതിനുള്ള ഫസ്റ്റ് എയ്ഡിലായിരിക്കും എല്ലാവരുടെയും ശ്രദ്ധ. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കാരണമുണ്ടാകുന്ന മാനസികാഘാതവും വളരെ വലുതായിരിക്കും. ഇങ്ങനെ മനസ്സിനേല്‍ക്കുന്ന ആഘാതത്തെ തുടക്കത്തിലേ കൈകാര്യം ചെയ്യുന്നതിന് ”സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ്” ആവശ്യമാണ്. ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്കും അതിജീവിച്ചവര്‍ക്കും മാനസികവും വൈകാരികവുമായ പിന്തുണ നല്‍കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും പിന്തുണ നല്‍കാനും കഴിയുന്നവര്‍ ചുറ്റിലുമുണ്ട് എന്ന തിരിച്ചറിവ് വളരെ നിര്‍ണായകമാണ്. മാനസികപിന്തുണ വാഗ്ദാനം ചെയ്യുന്നവര്‍, അത് തേടുന്നവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കുകയും അവരുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് അനുവാദമില്ലാതെ ചൂഴ്ന്നിറങ്ങുന്നില്ലെന്നും ഉറപ്പാക്കണം. മനസിനേറ്റ മുറിവുകള്‍ക്ക് ആശ്വാസം കണ്ടെത്താനുള്ള ഈ യാത്രയില്‍ അവര്‍ ആദരിക്കപ്പെടുമെന്നും സുരക്ഷിതരായിരിക്കുമെന്നും ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്.
എന്താണ് പി ടി എസ് ഡി?
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയായ ഒരു വിഷയമാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ അഥവാ പി ടി എസ് ഡി. ശരീരത്തിനുണ്ടാകുന്ന പരിക്കുകള്‍, മോശമായ അനുഭവങ്ങള്‍, അപകടങ്ങള്‍, അപ്രതീക്ഷിത സംഭവങ്ങള്‍, ശാരീരികമായോ മാനസികമായോ നേരിടുന്ന അക്രമങ്ങള്‍ എന്നിവയുടെയെല്ലാം ഫലമായി ഒരു വ്യക്തിയുടെ മാനസികാരോഗ്യം മോശമാകാം. ഇത്തരം തിക്താനുഭവങ്ങള്‍ തുടര്‍ച്ചയായ ബുദ്ധിമുട്ടുകള്‍ക്കും ശല്യപ്പെടുത്തുന്ന ചിന്തകള്‍, ദു:സ്വപ്‌നങ്ങള്‍, അലട്ടുന്ന ഓര്‍മകള്‍ എന്നിവയ്ക്കിടയാക്കുമ്പോള്‍ അത് പി ടി എസ് ഡി ആയി മാറുന്നു. ട്രോമയ്ക്ക് ഇടയായ സംഭവം നടന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പി ടി എസ് ഡിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാറുണ്ട്.
പി ടി എസ് ഡിയുള്ള വ്യക്തികള്‍ക്ക് വല്ലാത്ത ഭയം അനുഭവപ്പെടും. അവരെ പിടിച്ചുലച്ച ആ സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ വിമുഖത കാണിക്കും. എന്നാല്‍ ദു:സ്വപ്‌നങ്ങളുടെയും ഓര്‍മകളുടെയും രൂപത്തില്‍ ആ സംഭവങ്ങള്‍ അവരുടെ മനസ്സിലേക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യും. ഒരുമാസം വരെ ഇങ്ങനെ തുടരുമ്പോഴാണ് പി ടി എസ് ഡിയാണെന്ന് ഒരു സൈക്കോളജിസ്റ്റ് സ്ഥിരീകരിക്കും. മൂന്ന് മാസത്തിനുള്ളില്‍ പി ടി എസ് ഡിയുടെ തീവ്രത കുറയേണ്ടതാണ്. അതിനുശേഷവും പി ടി എസ് ഡി തുടരുകയാണെങ്കില്‍ ദീര്‍ഘകാല കൗണ്‍സലിംഗ് വേണ്ടിവരും.
പി ടി എസ് ഡി എങ്ങനെ കൈകാര്യം ചെയ്യണം?
ട്രോമയിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ക്ക് കൃത്യവും ചിട്ടയുമുള്ള മാനസിക പിന്തുണ ആവശ്യമാണ്. വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെയും സൈക്കോതെറാപ്പിസ്റ്റുകളുടെയും ഇടപെടലാണ് അനിവാര്യം. ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ അനുസരിച്ചുള്ള വ്യക്തിഗത ശ്രദ്ധയും പരിചരണവും നല്കാന്‍ കഴിവുള്ളവരാണ് മാനസികാരോഗ്യ വിദഗ്ധര്‍. ഹ്രസ്വകാല കൗണ്‍സലിംഗ് മുതല്‍ ദീര്‍ഘകാല ചികിത്സാ പദ്ധതികള്‍ വരെ രൂപപ്പെടുത്തുന്നതില്‍ മികവുള്ളവരെയാണ് ഇത്തരം ദുരന്തഘട്ടങ്ങളില്‍ ആവശ്യം. സാധാരണഗതിയില്‍ ഹ്രസ്വകാല തെറാപ്പി ആറോ എട്ടോ സെഷനുകള്‍ നീളാറുണ്ട്. എന്നാല്‍ കൗണ്‍സലിംഗ് തേടുന്ന വ്യക്തിയുടെ ആവശ്യങ്ങള്‍ക്കും സന്ദര്‍ഭത്തിനുമനുസരിച്ച് ഇരുപത് സെഷനുകള്‍ വരെ വേണ്ടിവരാറുണ്ട്. ഈ കൗണ്‍സലിംഗ് രീതി ഒരു വര്‍ഷം വരെ നീളുന്നതാണ്.
ഉറ്റവരുടെയോ ഉടയവരുടെയോ മരണം കാരണമുള്ള മാനസികവിഷമം അനുഭവിക്കുന്നവര്‍ക്ക് ആ വേദനകളില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ പ്രത്യേക രീതിയിലുള്ള ഗ്രീഫ് തെറാപ്പി ഉപയോഗിക്കുന്നു. സാധാരണ 8 മുതല്‍ 12 സെഷനുകള്‍ വരെ നീണ്ടുനില്‍ക്കുന്ന തെറാപ്പിയാണിത്.
ദുഃഖകരമായ ഓര്‍മ്മകള്‍ നിരന്തരം ഫ്‌ളാഷ്ബാക്കുകളായി ഓര്‍മയിലേക്ക് വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം നല്കാന്‍ വികസിപ്പിച്ചെടുത്തുള്ള ഒരു തെറാപ്പി രീതിയാണ് ഇ എം ഡി ആര്‍ (ഐ മൂവ്‌മെന്റ് ഡിസെന്‍സിറ്റൈസേഷന്‍ ആന്‍ഡ് റീപ്രോസസിംഗ്). ഇതിന് എട്ട് സെഷനുകള്‍ വരെ ആവശ്യമായി വരാറുണ്ട്.
ചിലര്‍ക്ക് അവരുടെ വികാരങ്ങള്‍ സ്വതന്ത്ര്യമായി തുറന്നുവിടാനുള്ള ഒരു തുറന്ന ഇടമായിരിക്കും ആവശ്യം. അവരുടെ തോന്നലുകള്‍ കേട്ടിരിക്കാനും അവര്‍ക്ക് പിന്തുണ നല്‍കാനും കഴിയുന്ന ഒരു അന്തരീക്ഷമാണ് അവര്‍ തേടുന്നത്.
പ്രാഥമിക തെറാപ്പി സെഷനുകള്‍ കഴിഞ്ഞ ശേഷമാണ് തുടര്‍ന്നുള്ള സെഷനുകള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള വെല്ലുവിളികളെ നേരിടാന്‍ ആ വ്യക്തിയെ സഹായിക്കുകയാണ് ലക്ഷ്യം. അത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ അതിനെ നേരിടാനാവശ്യമായ ഉപായങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കും. അവരുടെ വികാരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ട് എന്നുറപ്പാക്കാന്‍ ബൂസ്റ്റര്‍ സെഷനുകളും വേണ്ടിവരാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഇത്തരം സെഷനുകള്‍ ആസൂത്രണം ചെയ്യുക. പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴയ ഓര്‍മ്മകള്‍ വെല്ലുവിളികളായി മാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
ഭാവി പദ്ധതികള്‍, മുന്നോട്ടുള്ള വഴികള്‍
മാനസികാഘാതം നേരിടുന്ന വ്യക്തികള്‍ക്ക് തെറാപ്പി നല്‍കുന്നവരും പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. ആദ്യം സ്വന്തം വൈകാരിക പ്രതികരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് തെറാപ്പി നല്‍കുമ്പോള്‍ തെറാപ്പിസ്റ്റിന്റെ മാനസികാരോഗ്യത്തിനും വലിയ പങ്കാണുള്ളത്.
മാനസികാഘാതത്തിന്റെ തീവ്രത കുറഞ്ഞെന്ന് തോന്നിയാലും ഭാവിയില്‍ പ്രശ്‌നങ്ങള്‍ വീണ്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ തുടര്‍ സെഷനുകള്‍ വേണ്ടിവരാറുണ്ട്. മാനസികമായ പ്രഥമശുശ്രൂഷ, സവിശേഷ തെറാപ്പി സെഷനുകള്‍, തുടര്‍ച്ചയായ പിന്തുണ, ആദരവ് എന്നിവയുള്‍പ്പെടുന്ന സമഗ്രമായ സൈക്കോളജിക്കല്‍ സമീപനമാണ് പി ടി എസ് ഡി നേരിടുന്നവര്‍ക്ക് ആവശ്യമുള്ളത്. ചിട്ടയൊത്തതും കൃത്യവുമായ മാനസികാരോഗ്യ പരിചരണത്തിലൂടെ, മാനസികാഘാതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് അവരുടെ വൈകാരികശക്തി വീണ്ടെടുക്കാന്‍ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.
ഡോ. ലിഷ പി ബാലന്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,
പ്രയത്ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്, കൊച്ചി