

ദുബൈ: അബുദബിയില്‍ അഡ്‌നോക്കിന്റെ എണ്ണ സംഭരണശാലയ്ക്ക് നേരെയുണ്ടായത് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. തീപിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. മരിച്ചതില്‍ രണ്ടു പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്താനിയുമാണ്.

അഡ്നോകിന്റെ സംഭരണശാലകള്‍ക്ക് സമീപമുള്ള വ്യാവസായിക മേഖലയിലെ മൂന്ന് ഇന്ധന ടാങ്കറുകളാണ് ഇന്ന് രാവിലെ ആക്രണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചത്. പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മാണ സ്ഥലത്ത് തീപിടുത്തമുണ്ടായതായും അബുദബി പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍ മുന്നോട്ട് വന്നു. തീപിടിത്തങ്ങള്‍ അധികൃതര്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യു എ ഇക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാന്‍ അനുകൂല ഹൂതി പ്രസ്ഥാനം അറിയിച്ചത്.
യു എ ഇയില്‍ ശക്തമായ സൈനിക ഓപറേഷന്‍ ആരംഭിച്ചതായും വരും മണിക്കൂറുകളില്‍ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നുമാണ് ഹൂതി വക്താവ് പറഞ്ഞത്. പ്രാരംഭ അന്വേഷണത്തില്‍ സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമായിട്ടുണ്ടായേക്കാവുന്ന ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങള്‍ ഡ്രോണ്‍ ആയിരിക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയെന്ന് അബുദബി പൊലിസ് അറിയിച്ചു.

