

ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) അൽഖോറിലും, പരിസര പ്രദേശത്തുമുള്ള താഴ്ന്ന വരുമാനക്കാർക്കായി സംഘടിപ്പിച്ച 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒട്ടനവധി പേർക്ക് സഹായമായി.


സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കും ആവശ്യമായ സേവനങ്ങൾ എത്തിക്കുന്നതിനുള്ള ഐ സി ബി എഫിന്റെ പ്രതിബദ്ധത ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതായിരുന്നു അൽഖോറിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പ്.


നാനൂറിലേറെ പേർ വിവിധ രക്തപരിശോധനകൾ, രക്തസമ്മർദ്ദ പരിശോധന, ഡോക്ടർ കൺസൽട്ടേഷൻ അടക്കമുള്ള സുപ്രധാന സേവനങ്ങൾ പ്രയോജനപ്പെടുത്തി.

തെലുങ്ക് കലാ സമിതി, ആസ്റ്റർ മെഡിക്കൽ സെന്റർ, ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം, ഇന്ത്യൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ, ക്യൂ ലൈഫ് ഫാർമ എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും ഫിസിയോതെറാപ്പി സെഷനുകളും ലഭ്യമാക്കിയിരുന്നു.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ നിർവ്വഹിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലും, ആവശ്യക്കാർക്ക് സഹായമെത്തിക്കുന്നതിലുമുള്ള ഐ സി ബി എഫിന്റെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. അംബാസഡർ ക്യാമ്പിലെ സൗകര്യങ്ങൾ സന്ദർശിക്കുകയും പങ്കെടുത്തവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിലെ അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തിന് അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു. രാവിലെ എട്ടു മണിക്കാണ് ക്യാമ്പ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ഏഴ് മണിക്ക് തന്നെ ആളുകൾ എത്തിത്തുടങ്ങിയത് ഇത്തരം സംരംഭങ്ങളോടുള്ള താത്പര്യവും ആവശ്യകതയുമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച തെലുങ്ക് കലാസമിതി പ്രസിഡന്റ് ഹരീഷ് റെഡ്ഡി, ആസ്റ്റർ മെഡിക്കൽ സെന്റർ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ സജിത്ത് വിക്രമൻ പിള്ള, ഇന്ത്യൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ രക്ഷാധികാരി അഷറഫ്, മുൻ ഐ സി.ബി എഫ് പ്രസിഡന്റ് പി എൻ ബാബുരാജൻ തുടങ്ങിയവർ ഐ സി ബി എഫുമായുള്ള സഹകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും തുടർച്ചയായ ഇത്തരം പ്രവർത്തനങ്ങൾക്ക് ഐ സി ബി എഫിനെ അഭിനന്ദിക്കുകയും ചെയ്തു.
ഐ സി ബി എഫ് സെക്രട്ടറിയും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ മുഹമ്മദ് കുഞ്ഞി നന്ദി രേഖപ്പടുത്തി. ക്യാമ്പിനോട് സഹകരിച്ച വിവിധ സംഘടനകൾക്കും സന്നദ്ധപ്രവർത്തകർക്കും കമ്മ്യൂണിറ്റി അംഗങ്ങങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
തെലുങ്ക് കലാ സമിതി, ആസ്റ്റർ മെഡിക്കൽ സെന്റർ, ഇന്ത്യൻ ഫിസിയോ തെറാപ്പി ഫോറം, ഇന്ത്യൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ, ക്യൂ ലൈഫ് ഫാർമ എന്നിവർക്കുള്ള
സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ അംബാസഡറും ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും വിതരണം ചെയ്തു.
ഐ സി ബി എഫ് ക്ഷേമ മേധാവി ശങ്കർ ഗൗഡ്, ട്രഷറർ കുൽദീപ് കൗർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, സമീർ അഹമ്മദ്, കുൽവീന്ദർ സിംഗ് ഹണി തുടങ്ങിയവരും വിവിധ സംഘടനാ വോളണ്ടിയേഴ്സും ക്യാമ്പ് പ്രവർത്തനങ്ങൾ എകോപിപ്പിച്ചു.

