

ദോഹ: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യന്‍ കലയും സംസ്കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ ‘ഐ സി സി വെനസ്ഡേ ഫിയസ്റ്റ’യ്ക്ക് വീണ്ടും തുടക്കമിട്ടു. ഏപ്രില്‍ 9 ബുധനാഴ്ച ഐ സി സി അശോക ഹാളിലാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്.

ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെ കൗണ്‍സിലര്‍ (ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ മേധാവി) ഡോ. വൈഭവ് എ ടണ്ടേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ ഐ സി സി എ ഒകളും കലാ കേന്ദ്രങ്ങളും അവതരിപ്പിച്ച പ്രകടനങ്ങള്‍ പരിപാടിയില്‍ അരങ്ങേറി.


ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് അതിഥികളെയും വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്തു. ഐ സി സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ ഉദ്ഘാടനം ചെയ്തു.

വെനസ്ഡേ ഫിയസ്റ്റയ്ക്ക് ആവേശകരമായ പങ്കാളിത്തത്തിനും പിന്തുണയ്ക്കും ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് നന്ദി പറഞ്ഞു. ഐ സി സി ഉപദേശക സമിതി ചെയര്മാന് പി എന്‍ ബാബുരാജന് അനുമോദന പ്രസംഗം നടത്തി.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നല്കിയ മികച്ച സംഭാവനകള്‍ക്ക് ബിര്‍ള പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ആനന്ദ് ആര് നായരെ ചടങ്ങില്‍ ആദരിച്ചു. ഐ സി സിയുമായി ബന്ധപ്പെട്ട സംഘടനകളായ ഭാരതി, കരിഷ്മ ആര്‍ട്സ് എന്നിവയുടെ പ്രസിഡന്റുമാരായ കേതന് ആര് കനഖാര, മുഹമ്മദ് ബഷീര്‍ എന്നിവരെയും സംഭാവനകള്‍ക്ക് ആദരവ് നല്കി.
ഐ സി സി സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി നന്ദിനി അബ്ബഗൗണി നന്ദി പറഞ്ഞു.

