ഇന്ത്യ, പാകിസ്താന്‍, ഇറാന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവലില്‍ ഖത്തറിലെത്താന്‍ ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധം

Web Desk
2 Min Read

ദോഹ: ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ പ്രവേശനം അനുവദിച്ചിരുന്ന ഏതാനും രാജ്യങ്ങളിലുള്ളവര്‍ക്ക് ലോകകപ്പിന്റെ പശ്ചാതലത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി. ഇന്ത്യ, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിയമം പ്രധാനമായും മാറിയത്.

city exchange

നേരത്തെ ബന്ധുക്കളുടെ താമസ രേഖകള്‍ ഉള്‍പ്പെടെ ഉണ്ടെങ്കില്‍ ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്താമെങ്കില്‍ ഇനി ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിംഗ് നടത്തിയതിന് ശേഷം മാത്രമാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുക. ഹോട്ടലില്‍ ബുക്ക് ചെയ്ത കാലയളവില്‍ മാത്രമാണ് ഖത്തറില്‍ താമസം അനുവദിക്കുകയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കുമായി പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വേനലവധിയും തുടര്‍ന്ന് ലോകകപ്പിന്റെ തിരക്കും പരിഗണിച്ചാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് തീരുമാനമെടുക്കേണ്ടി വന്നത്.

ഹോട്ടല്‍ ബുക്കിംഗ് എടുത്ത് ഖത്തറിലെത്തുന്നവര്‍ക്ക് പ്രസ്തുത ദിവസങ്ങള്‍ ദീര്‍ഘിപ്പിക്കാന്‍ അനുവദിക്കുമെങ്കിലും ഈ ദിവസങ്ങൡും ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ 60 ദിവസം വരെയാണ് വിസ ദീര്‍ഘിപ്പിക്കാനാവുക.

- Advertisement -
Ad image

ഏപ്രില്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം ലോകകപ്പ് സമയത്ത് ബന്ധുക്കളെ ഖത്തറില്‍ കൊണ്ടുവരണമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവും.

എന്നാല്‍ ഓണ്‍ അറൈവല്‍ വിസ പ്രയോജനപ്പെടുത്തുന്നവര്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്. മറ്റു വിസകളില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിംഗിന്റെ ആവശ്യമില്ലെന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു.

ഡിസ്‌ക്കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്ക് ചെയ്താല്‍ സമയത്തിന് 48 മണിക്കൂറിന് മുമ്പുവരെ ബുക്കിംഗ് റദ്ദാക്കുമ്പോള്‍ 100 റിയാല്‍ ഫീസ് ഈടാക്കും. എത്തുന്ന സമയത്തിന് 48 മണിക്കൂറിനകത്താണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കില്‍ മുഴുവന്‍ തുകയും നഷ്ടപ്പെടും. എന്നാല്‍ വിമാനം റദ്ദാവുക, വിമാന സയത്തില്‍ മാറ്റം വരിക, കോവിഡ് പരിശോധയില്‍ പോസിറ്റീവാകുക, ഖത്തറില്‍ എത്തിയതിന് ശേഷം വിസ അധികൃതര്‍ റിജക്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ സംഭവിച്ചാല്‍ തുകയില്‍ ഇളവ് ലഭിക്കും.

ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുമ്പോഴുണ്ടാകുന്ന താമസ സൗകര്യങ്ങളുടെ അപര്യാപ്തത ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹോട്ടല്‍ ബുക്കിംഗിന് ഡിസ്‌ക്കവര്‍ ഖത്തര്‍ വഴിയുള്ള ഒറ്റ മാര്‍ഗ്ഗം മാത്രമാക്കിയത്. ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ ടിക്കറ്റ് ലഭിക്കാത്ത ഫുട്ബാള്‍ ആരാധകര്‍ക്ക് ലോകകപ്പ് സമയത്ത് രാജ്യത്ത് പ്രവേശിക്കുന്നതിന് അനുമതിയുണ്ടാവില്ലെന്ന് നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ഡിസ്‌ക്കവര്‍ ഖത്തര്‍ വഴി നിര്‍ബന്ധമായും ഹോട്ടല്‍ ബുക്കിംഗ് വേണമെന്ന നിബന്ധനകൂടി പുറത്തിറക്കിയത്.

ലോകകപ്പ് മത്സരം കാണാന്‍ ടിക്കറ്റ് കിട്ടുന്നവര്‍ക്ക് ലഭ്യമാകുന്ന ഫിഫ ഐ ഡി കാര്‍ഡും ഹയ്യ കാര്‍ഡും ലഭിച്ചവര്‍ക്കാണ് ഖത്തറിലേക്കുള്ള വിസയുടെ ഈ കാലത്തെ മാനദണ്ഡം. ഒഫീഷ്യല്‍ ഫാന്‍ ഐ ഡി ഇല്ലാത്തവര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഖത്തര്‍ ടൂറഇസം ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ബെര്‍ഹോള്‍ഡ് ട്രെങ്കേല്‍ ലണ്ടനിലെ ദി സണ്‍ പത്രവുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത്.

ലോകകപ്പ് സമയത്ത് പന്ത്രണ്ട് ലക്ഷത്തോളം കളിയാരാധകര്‍ ദോഹയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒന്നര ലക്ഷത്തോളം മുറികള്‍ മാത്രമാണ് ഖത്തറില്‍ നിലവിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!