

ദോഹ: വിസ ഒഴിവാക്കല്‍ പദ്ധതിയില്‍ ഖത്തറിനെ ഉള്‍പ്പെടുത്താനുള്ള യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മെഷാല്‍ ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ഇതിനകം ശക്തമായ ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിസ ഒഴിവാക്കല്‍ പദ്ധതിയില്‍ അംഗമായ ആദ്യത്തെ ഗള്‍ഫ് രാജ്യമായാണ് ഖത്തര്‍ മാറിയത്. 2024 ഡിസംബര്‍ 1ന് ശേഷം ആരംഭിക്കുന്ന ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ ഖത്തറിലെ പൗരന്മാര്‍ക്കും വിനോദസഞ്ചാരത്തിനോ ബിസിനസിനോ വേണ്ടി യു എസിലേക്ക് പോകുന്നതിന് 90 ദിവസം വരെ വിസയില്ലാതെ സഞ്ചരിക്കാനാവും.
