

തിരുവനന്തപുരം: ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കാതലായ പരിരക്ഷയും കരുതലും കരുത്തും നല്‍കി വരുന്ന പ്രവാസി സമൂഹത്തെ ഒന്നടങ്കം അവഗണിച്ചതാണ് കേന്ദ്ര ബജറ്റെന്നു എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യാ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച ഒന്നും ബജറ്റില്‍ കാണാത്തതില്‍ പ്രവാസി സമൂഹം നിരാശയിലും ആശങ്കയിലുമാണെന്നു അഹമ്മദ് പറഞ്ഞു. സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായതിനു ശേഷം റദ്ദാക്കിയ പ്രവാസികാര്യ വകുപ്പ് പുന:സ്ഥാപിച്ചിട്ടില്ല. പ്രവാസി ഭാരതീയ ദിവസ് രണ്ടു വര്‍ഷത്തിലൊരിക്കലെന്ന നടപടി പിന്‍വലിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ റിഹാബിലേറ്റഷന്‍ കമീഷന്‍ തുടങ്ങി പല കാര്യങ്ങളോടും കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവ മനോഭാവം മാറേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്പന്ന വര്‍ഗ്ഗം മാത്രമല്ല പ്രവാസികളെന്നു കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയണം. ബഹുഭൂരിപക്ഷം വരുന്ന സാധാരണ- ഇടത്തരം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങളിന്മേല്‍ കണ്ണടച്ചു ഇരുട്ടാക്കുന്ന വൈകൃതം അവസാനിപ്പിക്കേണ്ടതാണ്. വിമാന യാത്രാ നിരക്കില്‍ കേന്ദ്രം അനുവര്‍ത്തിച്ചു വരുന്ന രഹസ്യ അജണ്ട പ്രവാസി സമൂഹത്തിന് ബോധ്യമുണ്ടെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി.
കുറഞ്ഞത് ആറു മാസമെങ്കിലും വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് പണം എത്തിക്കാതെ കരുതി വച്ചാലുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി എന്താകുമെന്നു അഹമ്മദ് ചോദിച്ചു.

