നിലമ്പൂരില്‍ വീണ്ടും ‘ആര്യാടന്‍’

Web Desk
1 Min Read

നിലമ്പൂര്‍: യു ഡി എഫ് നേടിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിതാവിന്റെ സ്വന്തം മണ്ഡലം മകന്‍ നേടി. പതിനൊന്നായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ ഷൗക്കത്ത് എം സ്വരാജിനെ പരാജയപ്പെടുത്തിയത്. ദീര്‍ഘകാലം ആര്യാടന്‍ മുഹമ്മദിന്റെ പേരിലുണ്ടായിരുന്ന നിലമ്പൂര്‍ ഇനി 11077 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആര്യാടന്‍ ഷൗക്കത്തിന്റേതായി.

city exchange

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ ബാബുവിനോടും എം സ്വരാജ് പരാജയപ്പെട്ടിരുന്നു. ഇടതു സ്ഥാനാര്‍ഥിയായി വിജയിച്ച പി വി അന്‍വര്‍ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പി വി അന്‍വറിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുതിയ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ അധികാരമേറ്റ് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി ജെ പി ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി നടത്തിയ പരീക്ഷണമാണ് അടപടലം പരാജയപ്പെട്ടത്.

ആര്യാടന്‍ ഷൗക്കത്തിന് 77737 വോട്ടും എം സ്വരാജിന് 66660 വോട്ടും നേടാനായി. പി വി അന്‍വര്‍ 19760 വോട്ടുകളാണ് നേടിയത്. ബി ജെ പി സ്ഥാനാര്‍ഥിയായ അഡ്വ. മോഹന്‍ ജോര്‍ജ്ജിന് 8648 വോട്ടുകളാണ് ലഭിച്ചത്. എസ് ഡി പി ഐ സ്ഥാനാര്‍ഥി അഡ്വ. സാദിക്ക് നടുത്തൊടിക്ക് 2075 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥികളായ ജയരാജന് 52, പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാടിന് 43ഉം വിജയന് 85ഉം സതീഷ് കുമാര്‍ ജിക്ക് 114ഉം ഹരിനാരായണന് 185ഉം വോട്ടുകളും ലഭിച്ചു. പി വി അന്‍വര്‍ ഒഴികെയുള്ള എല്ലാ സ്വതന്ത്രരേക്കാളും വോട്ടുകള്‍ നോട്ടയാണ് നേടിയത്. നോട്ടയ്ക് 630 വോട്ടുകളുണ്ട്.

ആര്യാടന്‍ ഷൗക്കത്ത് 44.17 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എം സ്വരാജ് 37.88 ശതമാനം വോട്ട് നേടി. പി വി അന്‍വറിന് 11.23 ശതമാനമാണ് വോട്ട് ലഭിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!