

തിരുവനന്തപുരം: അറബി ഭാഷയുടെ അനന്ത സാധ്യതകള്‍ നമ്മുടെ സര്‍ക്കാറുകളും സര്‍വ്വകലാശാലകളും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലന് ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അക്കാദമിക് കമ്മിറ്റി (പി ജി) ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സൗദിയിലെ കിങ് സല്‍മാന്‍ ഗ്ലോബല്‍ അക്കാദമി ഫോര്‍ അറബിക് ലാംഗ്വേജ് കേരള സര്‍വ്വകലാശാലാ അറബി ഭാഷാ വിഭാഗവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പഞ്ചദിന അറബി ഭാഷാ വര്‍ക്ക് ഷോപ്പിന്റെയും പരിശീലന പരിപാടികളുടെയും ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അറബ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മില്‍ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധമുണ്ട്. പ്രവാസി ഇന്ത്യക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്. അതുകൊണ്ട് തന്നെ അറബി ഭാഷ ഇന്ത്യയില്‍ പ്രചരിക്കുകയും സ്ഥാനം നേടുകയും ചെയ്തു. പ്രധാന യൂണിവേഴ്‌സിറ്റികളിലും കോളെജുകളിലുമായി ആയിരക്കണക്കിന്ന് കുട്ടികള്‍ അറബി പഠിക്കുന്നുണ്ട്. എന്നാല്‍ അറബി ഭാഷയുടെ പുതിയ ജോലി സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആവശ്യമായ ന്യൂ ജെന്‍ അറബിക് കോഴുകള്‍ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഉദ്ഘാടന സമ്മേളനം കിങ് സല്‍മാന്‍ ഗ്ലോബല്‍ അക്കാദമി ഡയറക്ടര്‍ ഡോ. ഉമാമ മുഹമ്മദ് ശിന്‍ഖീത്വി (സൗദി അറേബ്യ) ഉദ്ഘാടനം ചെയ്തു. അറബി ഭാഷാ പ്രചാരണത്തിന്നായി കേന്ദ്ര കേരളാ സര്‍ക്കാറുകള്‍ കാണിക്കുന്ന താത്പര്യം നന്ദിയോടെ സ്മരിക്കുന്നതായി അവര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ ഡോ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
സിന്തിക്കേറ്റ് അംഗങ്ങളായ ഡോ. രാധാമണി, മുരളീധരന്‍, ഡോ. ജയപ്രകാശ്, ഡോ. ഷൈജു ഖാന്‍, ഡോ. എസ് നസീബ്, അറബി ഭാഷാ വിഭാഗം തലവന്‍ ഡോ. നൗഷാദ്, ഡോ. നിസാമുദ്ദീന്‍, ഡോ. ഇ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.
നൂറോളം അറബി ഭാഷാ അധ്യാപകരും പി ജി വിദ്യാര്‍ഥികളുമാണ് അഞ്ചു ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത്. റിയാദില്‍ നിന്നും മദീനയില്‍ നിന്നുമുള്ള വിദഗ്ധ അധ്യാപകരാണ് ക്ലാസെടുക്കുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും കിങ് സല്‍മാന്‍ അക്കാദമി അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.

