

കൊച്ചി: ജൂണ്‍ 12ന് അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സമഗ്ര സുരക്ഷ പരിശോധന ശക്തമാക്കിയെന്നും ടാറ്റാ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് അറിയിച്ചു. 275 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ വിശദമായ ആദ്യ പൊതു പ്രതികരണമാണിത്.

അറ്റകുറ്റ പണികള്‍ കൃത്യമായി ചെയ്തിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ട ഈ ബോയിംഗ് 787-8 ഡ്രീംലൈനറെന്നും എയര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പരിചയ സമ്പന്നനായ പൈലറ്റുമാരിലൊരാളാണ് വിമാനം പറത്തിയതെന്നും അദ്ദേഹം പറഞ്ഞു.

2023 ജൂണിലാണ് ഈ വിമാനത്തിന്റെ മേജര്‍ സര്‍വ്വീസ് നടത്തിയത്. 2025 മാര്‍ച്ചില്‍ വലതുവശത്തെ എഞ്ചിന്റെ അറ്റകുറ്റപണികളും ഏപ്രിലില്‍ ഇടതുവശത്തെ എഞ്ചിന്റെ പരിശോധനയും നടത്തിയിരുന്നു. ഓരോ പറക്കലിനു മുന്‍പും ഇരു എഞ്ചിനുകളുടെ പരിശോധന നടത്തിയിരുന്നു. അപകടത്തിനു മുന്‍പുള്ള പരിശോധനയിലും യാതൊരു പ്രശ്നങ്ങളും കണ്ടെത്തിയിട്ടില്ല. 2025 ഡിസംബറില്‍ അടുത്ത മേജര്‍ സര്‍വ്വീസ് നടത്താനിരിക്കൊണ് അപകടം.
10,000 മണിക്കൂറലധികം വലിയ വിമാനങ്ങള്‍ പറത്തി പരിചയമുള്ള പൈലറ്റും പരിശീലകനുമായ ക്യാപ്റ്റന്‍ സുമീത് സബര്‍വാളാണ് ഈ വിമാനത്തെ നയിച്ചതെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംപ്ബെല്‍ വില്‍സണ്‍ പറഞ്ഞു. ഫസ്റ്റ് ഓഫീസറായിരുന്ന ക്ലൈവ് കുന്ദറിനും 3,400ലധികം മണിക്കൂറുകള്‍ വിമാനം പറപ്പിച്ച് പരിചയമുണ്ട്.
എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങള്‍ കൃത്യമായി അറ്റകുറ്റപണികള്‍ നടത്തുന്നതായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായും ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും വിശ്വാസം വീണ്ടെടുക്കുന്നതിനായി ബോയിംഗ് 787, 777 വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷ പരിശോധനകള്‍ നടത്തുന്നത് തുടരും.
2022ല്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത് മുതല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും അതിനാലാണ് റെഗുലേറ്ററി മാനദണ്ഡങ്ങള്‍ക്ക് അപ്പുറമുള്ള സുരക്ഷാ പരിശോധനകള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്തന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും അപകട സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, യു എസ് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ്, ബോയിംഗ്, ജി ഇ എയ്റോസ്പേസ്, യു കെയുടെ എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് എന്നിവയിലെ വിദഗ്ധര്‍ അടങ്ങുന്ന അന്വേഷണ സംഘം ഈ ഡാറ്റ വിശകലനം ചെയ്തുവരികയാണ്.
ഊഹാപോഹങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അപകടത്തെ കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും എന്‍ ചന്ദ്രശേഖരന് പറഞ്ഞു.
അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായം നല്‍കും. അപകടം പറ്റിയവരുടെ ആശുപത്രി ചെലവും തകര്‍ന്ന മെഡിക്കല്‍ ഹോസ്റ്റല്‍ പുനര്‍നിര്‍മിക്കാനുള്ള സാമ്പത്തിക സഹായവും കമ്പനി നല്‍കും. കൂടാതെ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കാനായി ‘എഐ171’ എന്ന പേരില്‍ ഒരു ട്രസ്റ്റ് സ്ഥാപിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
ഞങ്ങള്‍ അവരോടൊപ്പമുണ്ട്, എന്നതാണ് തരാവുന്ന എറ്റവും വലിയ ഉറപ്പെന്നും ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഒരു വിമാനത്തിന് സംഭവിച്ച അപകടത്തില്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ജെആര്‍ഡി അല്ല, ഞാന്‍ ആര്‍എന്‍ടി (രത്തന്‍ നേവല്‍ ടാറ്റ) അല്ല. ടാറ്റാ ഗ്രൂപ്പിന്റെ ഒരു ഭാഗമായി അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്നയാളാണ് താനെന്നും ചന്ദ്രശേഖരന് പറഞ്ഞു. 2022ല്‍ എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്നും ടാറ്റാ സണ്‍സ് തിരികെ ഏറ്റെടുക്കുന്നതിന് നേതൃത്വം നല്കിയതും എന്‍ ചന്ദ്രശേഖരനാണ്.
ടാറ്റാ ഗ്രൂപ്പ് ഈ പ്രതിസന്ധി കൈകാര്യം ചെയ്ത രീതി വ്യാവസായ പ്രമുഖരുടേയും മാധ്യമങ്ങളുടേയും പ്രശംസ പിടിച്ചു പറ്റിയെന്ന് ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്മാന് ഹര്‍ഷ് ഗോയങ്ക പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്ത്രങ്ങളും നിക്ഷേപ സന്ദര്ശനങ്ങളുമല്ല മറിച്ച് അപകടത്തില്‍ പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും തങ്ങളുടെ ജീവനക്കാരുടെയൊപ്പം നില്‍ക്കാനും തെറ്റുകള്‍ അംഗീകരിച്ച് വിനയത്തോടെയും വ്യക്തയോടെയുമുള്ള പ്രവര്‍ത്തനവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിലെ വിമാന ദുരന്തവും അതിന്റെ അനന്തരഫലങ്ങളും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ സമൂല മാറ്റത്തിന് ഒരു പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മുന്‍നിര ആഗോള വിമാനക്കമ്പനിയെന്ന സ്ഥാനം വീണ്ടെടുക്കാനുള്ള ലക്ഷ്യത്തോടെ എയര്‍ ഇന്ത്യ നടത്തിവന്ന ആധുനികവത്ക്കരണ, വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് പ്രവര്‍ത്തന തടസങ്ങളും വിമാനങ്ങളുടെ സുരക്ഷ അവലോകനങ്ങളും ഉണ്ടായിരിക്കുന്നത്. ഇവ ഹ്രസ്വകാല പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണെങ്കിലും മെച്ചപ്പെട്ട സുരക്ഷാ നടപടികളോടുള്ള പ്രതിബദ്ധത, വാണിജ്യ പരിഗണനകളേക്കാള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ഗണനയാണ് അടിവരയിടുന്നത്.

