ഗീത ഷോജി ഐസക്കിനെ ഹോപ് ഖത്തര്‍ അനുസ്മരിച്ചു

Web Desk
2 Min Read

ദോഹ: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച ഹോപ് ഖത്തര്‍ സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസിലെ സീനിയര്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഗീത ഷോജി ഐസക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ പിടിച്ചുകുലുക്കിയ കെനിയന്‍ അപകടത്തില്‍ ഗീത ഷോജി ഐസക്കിന് പുറമേ 27 ഖത്തര്‍ പ്രവാസികളും ഉള്‍പ്പെട്ടിരുന്നു. ഗീത ഷോജി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

city exchange

ഗീത ഷോജിയുടെ ഹോപ്പിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികളും കുടുംബങ്ങളും, വിവിധ സന്നദ്ധ സംഘടനകള്‍, ഇന്റേണുകള്‍, സഹപ്രവര്‍ത്തകര്‍, സമൂഹത്തിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.

ന്യൂ സലാത്ത ഏരിയയിലെ ഹോപ്പ് ഖത്തര്‍ സെന്ററില്‍ നടന്ന ‘നോട്ട് ഓള്‍ ഏഞ്ചല്‍സ് ഹാവ് വിങ്‌സ്’ എന്ന പേരിലുള്ള അനുസ്മരണ സമ്മേളനം ഖത്തറിലെ സമഗ്ര വിദ്യാഭ്യാസത്തിന് ഗീത നല്‍കിയ സംഭാവനകളെക്കുറിച്ച് ഓര്‍മിച്ചു.

ഹോപ്പ് ഖത്തര്‍ സെന്ററിന്റെ ആക്ടിംഗ് മേധാവി അപര്‍ണ മെരുഗു സ്വാഗതം പറഞ്ഞു. ഹോപ്പ് ഖത്തറിന്റെ സ്ഥാപകനും ചീഫ് മെന്ററുമായ ഡോ. രാജീവ് തോമസ് വിദ്യാര്‍ഥികളില്‍ ഗീത ചെലുത്തിയ ദീര്‍ഘകാല സ്വാധീനത്തെക്കുറിച്ചും അവരുടെ പ്രൊഫഷണല്‍ മികവിനെക്കുറിച്ചും ഹോപ്പ് ഖത്തറുമായുള്ള 15 വര്‍ഷത്തെ സേവനത്തിനിടയില്‍ ഓരോ കുട്ടിയുടെയും കഴിവുകളോടുള്ള അവരുടെ പ്രതിബദ്ധതയെക്കുറിച്ചും സംസാരിച്ചു.

- Advertisement -
Ad image

ഗീത ഷോജിയുടെ സ്മരണയ്ക്കായി കെട്ടിടത്തിന്റെ ഒരു ബ്ലോക്ക് ‘ഗീത ഷോജി സ്മാരക ബ്ലോക്ക്’ ആയി സമര്‍പ്പിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

ഗീതയുടെയും ഹോപ്പ് ഖത്തറിന്റെയും ആദ്യത്തെ ഭിന്നശേഷി വിദ്യാര്‍ഥിനിയായ ഇന്ത്യയില്‍ നിന്നുള്ള സ്റ്റീവിന്‍ മാത്യു അയച്ച വീഡിയോ ആദരസൂചക ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഗീതയുടെ ഇപ്പോഴത്തെയും മുന്‍കാല വിദ്യാര്‍ഥികളുടെയും വികാരഭരിതമായ വാക്കുകള്‍ പ്രകടമാക്കി.

വിശിഷ്ടാതിഥിയായി ഖത്തറിലെ ഇന്തോനേഷ്യന്‍ അംബാസഡറും ഹോപില്‍ ഗീതയുടെ വിദ്യാര്‍ഥികളില്‍ ഒരാളുടെ പിതാവുമായ റിദ്വാന്‍ ഹസ്സന്‍ പങ്കെടുത്തു. തന്റെ മകളുടെ വളര്‍ച്ച, ആത്മവിശ്വാസം, സ്വാതന്ത്ര്യം എന്നിവ വളര്‍ത്തുന്നതില്‍ ഗീത നിര്‍ണായക പങ്ക് വഹിച്ചുവെന്ന് അംബാസഡര്‍ അനുസ്മരിച്ചു. അവരുടെ കുട്ടികളുടെ ജീവിതത്തില്‍ പരിവര്‍ത്തനാത്മക സാന്നിധ്യമായി അവരെ വിശേഷിപ്പിച്ചു.

ഹോപ് സ്റ്റാഫ് അംഗങ്ങളായ ഹര്‍ബെര്‍ട്ടിംഗ് ഡാര്‍ലിംഗ് ചെ, ഒമോളാര ഒലുബുന്‍മി ഒലുബാന്‍ജോ എന്നിവരും ഗീതയെ കുറിച്ച് സംസാരിച്ചു.

ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളിയില്‍ നിന്നുള്ള റവ. ഫാ. അനീഷ് രാജു, ലിന്‍വിന്‍ സി തോമസ്, അസീസിയ മസ്ജിദില്‍ നിന്നുള്ള ഇമാം നസീര്‍ അഹമ്മദ് എന്നിവര്‍ ഗീതയുടെ ആത്മീയതയേയും ദയയേയും ആദരിച്ച് സര്‍വമത പ്രാര്‍ഥന നടത്തി.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മണികണ്ഠന്‍ എ പി, ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!