
ദോഹ: ഗ്രാമഫോണ്‍ ഖത്തര്‍ ‘സ്മരണാഞ്ജലി സീസണ്‍ 4- തിരശീലുകള്‍’ പ്രോഗ്രാമിന്റെ പോസ്റ്റര്‍ റേഡിയോ മലയാളം 98.6 എഫ് എം സ്റ്റുഡിയോയില്‍ പ്രകാശനം ചെയ്തു.

ഒക്ടോബര്‍ 24 വെള്ളിയാഴ്ച വക്രയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഡിപിഎസ്) ഓഡിറ്റോറിയത്തിലാണ് തിരശീലുകള്‍ അരങ്ങേറുന്നത്.

രണ്ടര വര്‍ഷംകൊണ്ട് ഖത്തറിലെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ ആഴത്തില്‍ ഇടം നേടിയ പ്രോഗ്രാമാണ് ഗ്രാമഫോണ്‍ ഖത്തര്‍ സ്മരണാഞ്ജലി സീരീസ്.
കഴിഞ്ഞ മൂന്ന് സീസണുകളിലായി 1954ല്‍ നീലക്കുയിലില്‍ തുടങ്ങി 1994 വരെയുള്ള 40 വര്‍ഷത്തെ മലയാളസിനിമാ ഗാനങ്ങളുടെ ചരിത്രം പറഞ്ഞു പാടിയും ആ അനശ്വരമായ ഗാനങ്ങള്‍ നല്‍കിയ മഹാപ്രതിഭകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ഗ്രാമഫോണ്‍ ഖത്തര്‍ വീണ്ടും ഒരുങ്ങുകയാണ്. ഇത്തവണ തിരശ്ശീലയിലെ ഇശലുകളാണ് അവതരിപ്പിക്കുന്നത്.
വെള്ളിത്തിരയിലെ ഇശലുകളുടെ ആരാധകരെ അവ വീണ്ടും കേള്‍പ്പിക്കാനും വെള്ളിത്തിരയിലെ ഇശലുകള്‍ പരിചിതമല്ലാത്തവരെ അവ പരിചയപ്പെടുത്താനും ആസ്വാദ്യകരമാക്കാനും ആ ഇശലുകളുടെ സൃഷ്ടാക്കള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുവാനും ഗ്രാമഫോണ്‍ ഖത്തര്‍ തയ്യാറെടുക്കുമ്പോഴാണ് പോസ്റ്റര്‍ പ്രകാശനം നടന്നത്.
ഒ ടി സി മാനേജിംഗ് ഡയറക്ടര്‍ വി എസ് നാരായണന്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് റീജിയണല്‍ മാനേജര്‍ സന്തോഷ്, അല്‍ ജസീറ ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍, ഓപ്പറേഷന്‍സ് മാനേജര്‍ കെ അഷ്‌റഫ്, മാഗ്മ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിംഗ് സി ഇ ഒ ജോര്‍ജ്, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍,
ഗ്രാമഫോണ്‍ ഖത്തര്‍ പാട്രണ്‍ ജയരാജ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭാരവാഹികളായ അജാസ്, മന്‍സൂര്‍ എന്നിവരോടൊപ്പം ഗ്രാമഫോണ്‍ പ്രവര്‍ത്തകരും പോസ്റ്റര്‍ പ്രകാശനത്തില്‍ സംബന്ധിച്ചു.
ഡോ. റഷീദ് പട്ടത്ത്, തിരശീലുകള്‍ (തിരശ്ശീലയിലെ ഇശലുകള്‍) എന്ന പ്രോഗ്രാമിനെ പരിചയപ്പെടുത്തി. സന്തോഷ്, വിദ്യാശങ്കര്‍ അജാസ്, കെ ആര്‍ ജയരാജ് എന്നിവര്‍ സംസാരിച്ചു.

