
മനാമ: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ അന്യായമായ വര്‍ധന പിന്‍വലിക്കണമെന്ന് ബഹ്റൈന്‍ പ്രതിഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ പ്രവാസികളുടെ ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് കൊണ്ടുവന്ന ക്ഷേമപദ്ധതിയെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുവേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് യു ഡി എഫ് സര്‍ക്കാരിന്റേതെന്ന് പ്രതിഭ ആരോപിച്ചു.

പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ചികിത്സാച്ചെലവിന് ആശ്വാസം നല്‍കുകയും സാധാരണക്കാരായ പ്രവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നോര്‍ക്ക കെയര്‍ അവതരിപ്പിച്ചത്. പ്രവാസികളുടെ ക്ഷേമം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു ഈ പദ്ധതി. ഉയര്‍ന്ന ചികിത്സാച്ചെലവ് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന സാഹചര്യത്തില്‍, താങ്ങാവുന്ന പ്രീമിയത്തില്‍ ചികിത്സാപരിരക്ഷ ലഭ്യമാക്കിയത് പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്.

ഈ വിശ്വാസത്തിലാണ് നിരവധി പ്രവാസികള്‍ സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപേക്ഷിച്ച് നോര്‍ക്ക ഇന്‍ഷുറന്‍സില്‍ അംഗങ്ങളായത്. അത്തരത്തിലുള്ളവര്‍ക്ക് ഇരട്ടപ്രഹരമാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധന. നോര്‍ക്കയുടെ ഉയര്‍ന്ന പ്രീമിയം താങ്ങാനാവാതെയും പഴയ സ്വകാര്യ പോളിസിയിലേക്ക് മുന്‍ വ്യവസ്ഥകളില്‍ തിരിച്ചുപോകാനാകുമെന്ന ഉറപ്പില്ലാതെയും ഇവര്‍ പ്രതിസന്ധിയിലാകുകയാണ്. സര്‍ക്കാര്‍ പിന്തുണയുള്ള ക്ഷേമപദ്ധതിയെ വിശ്വസിച്ചവരെ ഇത്തരത്തില്‍ ദുരിതത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഭ വ്യക്തമാക്കി.
പുറത്തുവന്ന നിരക്കുപട്ടിക പ്രകാരം അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് 5160 പ്രായവിഭാഗത്തില്‍ 21,722 രൂപയും 6170 വിഭാഗത്തില്‍ 28,326 രൂപയും 7180 വിഭാഗത്തില്‍ 48,279 രൂപയുമാണ് ആവശ്യപ്പെടുന്നത്. ഇതേ തുകയുടെ കുടുംബ ചികിത്സാപരിരക്ഷയ്ക്ക് യഥാക്രമം 35,664 രൂപയും 44,718 രൂപയും 77,773 രൂപയുമാണ് നിരക്ക്. കുറഞ്ഞ വരുമാനക്കാരെയും വിരമിച്ച പ്രവാസികളെയും സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാവാത്ത ബാധ്യതയാണ്.
ചികിത്സാപരിരക്ഷ ഏറ്റവും ആവശ്യമായ പ്രായത്തില്‍ പ്രീമിയം കുത്തനെ ഉയര്‍ത്തുന്നത് മുതിര്‍ന്ന പ്രവാസികളെ പദ്ധതിയില്‍നിന്ന് പുറത്തേക്കു തള്ളുന്നതിന് തുല്യമാണ്. ജീവിതത്തിന്റെ നല്ലൊരു പങ്ക് വിദേശത്ത് അധ്വാനിച്ച് കുടുംബത്തെയും നാടിനെയും പിന്തുണച്ചവരുടെ ആരോഗ്യസുരക്ഷയെ വിപണിയുടെ താത്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്. ക്ഷേമപദ്ധതിയുടെ മാനദണ്ഡം ലാഭമല്ല, ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസവും സുരക്ഷയുമാകണം.
അന്യായമായ പ്രീമിയം വര്‍ധന പിന്‍വലിക്കുക, പദ്ധതിയുടെ പ്രവാസിക്ഷേമ സ്വഭാവം സംരക്ഷിക്കുക, മുതിര്‍ന്നവര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ സഹായത്തോടെ താങ്ങാവുന്ന നിരക്ക് ഉറപ്പാക്കുക എന്നതിനൊപ്പം നിലവിലെ അംഗങ്ങളുടെ പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാനുള്ള അവസരമൊരുക്കണമെന്നും പ്രവാസി സംഘടനകളുമായി ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കണമെന്നും ബഹ്റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി വി കെ സുലേഷ്, പ്രസിഡണ്ട് കെ വി മഹേഷ് എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

