
മനാമ: ഇക്കഴിഞ്ഞ മെയ് 29 മുതല്‍ 31 വരെ ജുഫൈറിലെ അല്‍ നാസിര്‍ ക്ലബ്ബില്‍ നടന്ന ബിബിഎസ്എഫ്പവര്‍ജേഡ് ജൂനിയര്‍ ബഹ്റൈന്‍ റാങ്കിംഗ് സര്‍ക്യൂട്ട് രണ്ടില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ബഹ്റൈന്‍ ബാഡ്മിന്റണ്‍ ആന്‍ഡ് സ്‌ക്വാഷ് ഫെഡറേഷന്‍ (ബിബിഎസ്എഫ്) അനുവാദത്തോടെയുള്ള മത്സരത്തില്‍ രാജ്യത്തുടനീളമുള്ള മികച്ച ജൂനിയര്‍ ബാഡ്മിന്റണ്‍ കളിക്കാര്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സ്‌കൂളിന്റെ മെഡല്‍ നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഏഴാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ അരുണ്‍കുമാറാണ്. നാല് വിഭാഗങ്ങളിലായി അര്‍ജുന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങള്‍ നേടി ശ്രദ്ധേയമായ കഴിവും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. അണ്ടര്‍ 13 സിംഗിള്‍സ്, അണ്ടര്‍ 13 ഡബിള്‍സ്, അണ്ടര്‍ 15 ഡബിള്‍സ് എന്നിവയില്‍ ജേതാവായ അര്‍ജുന്‍ അണ്ടര്‍ 15 സിംഗിള്‍സ് വിഭാഗത്തില്‍ റണ്ണര്‍ അപ്പായി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അര്‍ജുന്‍ തന്റെ റാങ്കിംഗ് കിരീടങ്ങള്‍ വിജയകരമായി നിലനിര്‍ത്തി കായികരംഗത്തെ തന്റെ സ്ഥിരതയും മികവും പ്രകടമാക്കി. അണ്ടര്‍ 13 ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്ലാസിലെ വൈ. രാമയും അണ്ടര്‍ 15 ഡബിള്‍സില്‍ എട്ടാം ക്ലാസിലെ ധീരജ് ശ്യാമും റണ്ണര്‍ അപ്പ് സ്ഥാനം നേടി.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ മേധാവി ശ്രീധര്‍ ശിവ സാമിയ്യ എന്നിവര്‍ വിജയികളെ അനുമോദിച്ചു.
