

ദോഹ: അന്താരാഷ്ട്ര വനിതാ ദിനത്തോനടനുബന്ധിച്ച് എം ജി എം ഖത്തര്‍ ‘സോഷ്യല്‍, വര്‍ക്ക് ലൈഫ് ബാലന്‍സ് ഇന്‍ ഫാമിലി’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഏഴ് വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് അല്‍ മിര്‍ഖാബ് കോമ്പൗണ്ട് ക്ലബ് ഹൗസില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.

ജോലിയോ സ്വന്തമായി ബിസിനസോ ചെയ്യുന്ന കുടുംബിനികളായ ധാരാളം സ്ത്രീകള്‍ പ്രവാസി സമൂഹത്തിലുണ്ടെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് എം ജി എം ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്.

അക്കൂട്ടത്തില്‍ പലരും സജീവമായി സാമൂഹിക സേവനം ചെയ്യുന്നവരുമാണ്. അവര്‍ ജോലിയും സാമൂഹ്യ സേവനവും കുടുംബജീവിതവും സന്തുലിതമായി എങ്ങനെ കൊണ്ടു പോകുന്നു എന്ന അന്വേഷണം ആണ് ചര്‍ച്ചയുടെ പ്രമേയം.
ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. എം ജി എം പ്രതിനിധി ജസീല നാസര്‍ മോഡറേറ്റര്‍ ആയിരിക്കും.
പരിപാടിയുടെ മുന്നോടിയായി നൂറോളം ജോലി ചെയ്യുന്ന കുടുംബിനികള്‍ക്കിടയില്‍ ഈ വിഷയത്തില്‍ ഒരു സര്‍വ്വെ നടത്തിയിരുന്നു. അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും രണ്ട് മേഖലകളും സന്തുലിതമായി വീഴ്ചകളില്ലാതെ കൊണ്ടുപോവാന്‍ അവര്‍ എടുക്കുന്ന പരിശ്രമവും എത്രത്തോളമുണ്ടെന്ന് സര്‍വ്വെ വിലയിരുത്തി. ഈ സര്‍വ്വെ റിപ്പോര്‍ട്ട് പരിപാടിയില്‍ അവതരിപ്പിക്കും.

