ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയ്ക്ക് ഇന്റര്‍നാഷണല്‍ ക്രഡിറ്റ് കാര്‍ഡ് നിര്‍ബന്ധം

Web Desk
1 Min Read

ന്യൂഡല്‍ഹി: ദോഹ വഴി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ കൈവശം ഇന്റര്‍നാഷണല്‍ ക്രഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
അയ്യായിരം ഖത്തര്‍ റിയാല്‍ മൂല്യം ക്രെഡിറ്റ് കാര്‍ഡിന് ഉണ്ടായിരിക്കണം. കഴിഞ്ഞ ദിവസം ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലെത്തി രണ്ടാഴ്ച ക്വാറന്റൈന്‍ കഴിഞ്ഞ് സഊദി അറേബ്യയിലേക്ക് പോകാന്‍ തീരുമാനിച്ച ചിലരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. നിബന്ധന പ്രകാരമുള്ള പണം കൈവശമില്ലാതിരുന്നതിനെ തുടര്‍ന്നായിരുന്നു തടയല്‍.
ഇന്റര്‍നാഷണല്‍ ക്രഡിറ്റ് കാര്‍ഡ് കൂടാതെ എയര്‍ ഇന്ത്യാ എക്‌സ്പ്രസിലോ എയര്‍ ഇന്ത്യയിലോ മടക്ക ടിക്കറ്റും ഉണ്ടായിരിക്കണം. മാത്രമല്ല 72 മണിക്കൂറിനകം പരിശോധന നടത്തി നെഗറ്റീവ് ആര്‍ ടി പി സി ആര്‍ ഫലവും വേണം.
ഇഹ്തിറാസ് ആപ്പില്‍ എല്ലാ യാത്രക്കാരും നിര്‍ബന്ധമായും മുന്‍കൂര്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. www.ehteraz.gov.qa/ എന്നതാണ് വിലാസം. ഇഹ്തിറാസില്‍ റജിസ്റ്റര്‍ ചെയ്തതിന്റെ രേഖ ബോര്‍ഡിംഗ് പാസ് നല്കുമ്പോള്‍ ഹാജരാക്കേണ്ടതുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്.
യാത്രക്കായി വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പുതന്നെ ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന് യാത്രക്കാര്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് എയര്‍ ഇന്ത്യ ഓര്‍മിപ്പിക്കുന്നു.
യാത്രക്കാരുടെ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കുകയും ഓണ്‍ അറൈവല്‍ വിസക്കാര്‍ ഹോട്ടല്‍ ബുക്കിംഗ് നടത്തിയിരിക്കുകയും വേണം.
ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്‌സിന്‍ പൂര്‍ണമായും എടുത്തവരായിരിക്കണം യാത്രക്കാര്‍. മാത്രമല്ല വാക്‌സിന്‍ യാത്രയ്ക്ക് ഏറ്റവും ചുരുങ്ങിയത് 14 ദിവസം മുമ്പെങ്കിലും എടുത്തിരിക്കണം.
യാത്രക്കാരുടെ കൈവശം ഏത് വാക്‌സിനാണ് സ്വീകരിച്ചതെന്ന് തെളിയിക്കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!