അന്താരാഷ്ട്ര യോഗ ദിനം 20ന് ദോഹയില്‍ ആചരിക്കും

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി), ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്), ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) എന്നിവയുടെ സഹകരണത്തോടെ 2026ലെ അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 20 ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ദോഹയിലെ യു ഡി എസ് ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിപുലമായി ആഘോഷിക്കും.

city exchange

യോഗ ഫോര്‍ ഹെല്‍ത്തി ഏജിംഗ് എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍, യോഗ അഭ്യാസികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ശാരീരിക ആരോഗ്യവും മാനസിക ക്ഷേമവും ആന്തരിക സമാധാനവും വര്‍ധിപ്പിക്കുന്നതില്‍ യോഗയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. കൂട്ടായ യോഗ പ്രകടനത്തോടൊപ്പം പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗ സെഷനുകളും സംഘടിപ്പിക്കും.

ആരോഗ്യ- ക്ഷേമ ബോധവത്കരണ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. വ്യക്തികളും കുടുംബങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ സ്വീകരിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.

- Advertisement -
Ad image

എല്ലാ രാജ്യക്കാരെയും സമൂഹങ്ങളിലെയും പ്രായവിഭാഗങ്ങളിലെയും ആളുകളെ സംഘാടകര്‍ പരിപാടിയിലേക്ക് ക്ഷണിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദോഹ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുള്ള സീറ്റുകളുടെ ലഭ്യത അനുസരിച്ച് പരിപാടി നടക്കുന്ന സ്ഥലത്തും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.

ആരോഗ്യം, മാനസിക ഏകാഗ്രത, സാമൂഹിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഈ യോഗ ദിനാഘോഷം സമൂഹത്തിന് പ്രചോദനമേകുന്ന അനുഭവമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!