വിമാന ടിക്കറ്റ് ചാര്‍ജ് കുറക്കാനുള്ള ഇടപെടല്‍ നടത്തണം: ഐ എം സി സി

Web Desk
1 Min Read

ദോഹ: പ്രവാസികളെ പിഴിഞ്ഞുകൊണ്ടിരിക്കുന്ന വിമാന നിരക്ക് വര്‍ധന അനിയന്ത്രിതമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഐ എം സി സി ഖത്തര്‍ കമ്മറ്റി പ്രസിഡന്റും നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി പി സുബൈര്‍ ആവശ്യപ്പെട്ടു. നാലാം ലോക കേരള സഭയില്‍ വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് സര്‍ക്കാരിനോട് ആവശ്യമായി ഉന്നയിച്ചത്.

city exchange

സീസണ്‍ സമയങ്ങളില്‍ ആവശ്യത്തിന് വിമാന സര്‍വീസുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഓരോ വര്‍ഷവും സീറ്റിന്റെ ലഭ്യതക്കുറവ് മൂലം പ്രയാസപ്പെടുന്ന പ്രവാസികളുടെ യാത്രാ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവപൂര്‍വം കാണണം. പ്രസ്തുത പ്രശ്‌നം പരിഹരിക്കാന്‍ സീസണ്‍ സമയത്തെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ ശക്തമായി ആവശ്യം ഉന്നയിക്കണം.

കൂടാതെ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പോയന്റ് ഓഫ് കോള്‍ പദവി ലഭ്യമാക്കുന്നതിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട് സമയബന്ധിതമായ ഇടപെടല്‍ നടത്തണമെന്നും അതുവഴി വിദേശ വിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വീസ് തുടങ്ങിയാല്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകമായിരിക്കുമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

വിദേശ രാജ്യങ്ങളിലെ മാറുന്ന നിയമങ്ങളെക്കുറിച്ച് അവബോധമില്ലാത്തത് കാരണം ഗള്‍ഫിലേക്ക് വരുന്ന ഉദ്യോഗാര്‍ഥികള്‍/ വിസിറ്റ് വിസയില്‍ വരുന്നവര്‍/ അതാത് രാജ്യങ്ങള്‍ നല്‍കുന്ന കോംപ്ലിമെന്റ് വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍, ഇവരൊക്കെ പലപ്പോഴായി അറിഞ്ഞോ അറിയാതെയോ പലതരം നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുകയും ജയില്‍ വാസം അനുഭവിക്കുകയും ശിക്ഷക്ക് വിധേയ
മാവുകയും ചെയ്യാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രീ ഡിപ്പാര്‍ച്ചര്‍ അവയര്‍നെസ് നല്‍കിയാല്‍ ഒരു പരിധിവരെയെങ്കിലും പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അതിന് മുന്‍കൈ എടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഭയില്‍ ഉന്നയിച്ച വിഷയങ്ങള്‍ രേഖാമൂലം സര്‍ക്കാരിന് എഴുതി സമര്‍പ്പിക്കുകയും ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!