

തുതിയൂര്‍: കാക്കനാട് തുതിയൂരില്‍ ലഹരി മാഫിയക്കെതിരെ എക്‌സൈസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. തുതിയൂരില്‍ തമ്പടിച്ച് ലഹരി വില്‍പ്പന നടത്തി വന്ന ലഹരി മാഫിയ സംഘത്തിലെ പ്രധാനി പിടിയില്‍. കാക്കനാട് നിലംപതിഞ്ഞ മുകള്‍ സ്വദേശി ലിയോണ്‍ റെജി (23) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് ഗ്രാം എം ഡി എം എയും 3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

‘സൈബീരിയന്‍ ഹസ്‌കി’ എന്ന വിദേശ ഇനം നായയെ ഉപയോഗിച്ച് ഇയാള്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു. നാലു ദിവസം മുന്‍പാണ് തുതിയൂര്‍ സെന്റ് ജോര്‍ജ്ജ് കപ്പേള റോഡിലെ ഒരു വീട്ടില്‍ ഐ ടി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇയാള്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇയാള്‍ താമസിക്കുന്ന മുറിയില്‍ തന്നെയാണ് പട്ടിയും കഴിഞ്ഞിരുന്നത്. ഇന്‍ഫോ പാര്‍ക്ക് കേന്ദ്രീകരിച്ച് രാസലഹരി വില്‍പ്പന നടത്തുന്ന ആളെക്കുറിച്ച് നേരത്തെ തന്നെ സിറ്റി മെട്രോ ഷാഡേയ്ക്കും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനും സൂചന ലഭിച്ചിരുന്നു. ഇയാള്‍ തുതിയൂരില്‍ താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും എവിടെയെന്ന് കൃത്യമായി കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
ഇയാള്‍ താമസം തുടങ്ങിയ ദിവസം മുതല്‍ റൂമിന് പുറത്ത് ഇറങ്ങിയിരുന്നില്ല. ഓണ്‍ലൈന്‍ മുഖേന ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചിരുന്ന ഇയാളെ ആരും തന്നെ വീടിന് പുറത്ത് ഇറങ്ങി കണ്ടിട്ടില്ല. പട്ടിയെ പേടിച്ച് ആരും ഇയാളെ അന്വേഷിച്ച് ചെല്ലാറുമില്ല. മയക്ക് മരുന്ന് ആവശ്യമുള്ളവര്‍ ഓണ്‍ലൈന്‍ മുഖേന പണം നല്‍കി കഴിഞ്ഞാല്‍ ഇയാള്‍ ലൊക്കേഷന്‍ അയച്ച് നല്‍കുകയും വീട്ടില്‍ വച്ച് തന്നെ ഇടപാട് നടത്തിവരികയുമായിരുന്നു. ഇയാളില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി മെട്രോ ഷാഡോയും ഇന്റലിജന്‍സ് വിഭാഗവും സ്ഥലത്ത് എത്തിയെങ്കിലും പട്ടിയെ മുറിയില്‍ അഴിച്ച് വിട്ടിരിക്കുന്നതിനാല്‍ അകത്ത് പ്രവേശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളുടെ റൂമില്‍ പ്രവേശിച്ച എക്‌സൈസ് സംഘം പട്ടിയെ തന്ത്രപൂര്‍വ്വം മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ പിടിയിലായ ശേഷവും മാരക അക്രമം അഴിച്ചു വിട്ട് കൊണ്ട് അലറി വിളിച്ച ഇയാള്‍ കണ്ടു നിന്ന നാട്ടുകാരില്‍ ഭീതി പടര്‍ത്തി. ഇയാള്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നവരെക്കുറിച്ചുള്ള വ്യക്തമായ സൂചന എക്‌സൈസിന് ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇത് കൂടാതെ നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതിനെതിരെയും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഈ മയക്ക് മരുന്ന് ഗ്രാമിന് 2500ല്‍ പരം രൂപയ്ക്ക് വാങ്ങി 4000 മുതല്‍ 6000 രൂപ നിരക്കില്‍ മറിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു. പാര്‍ട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സജീവ് കുമാര്‍, സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗ്ഗീസ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ ഡി ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഇ ഒ ടി ആര്‍ അഭിലാഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

