
ദോഹ: കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിന് ഇടുക്കി ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാരം (ടൂറിസം), കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് റോയ് കെ പൗലോസ് എം എല്‍ എ അഭിപ്രായപ്പെട്ടു. ഇടുക്കി ഇന്‍കാസ് കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഖത്തറില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി ഡിസംബറില്‍ സൗകര്യമൊരുക്കുന്നതിന് തുടക്കമാകുമെന്നും കാല്വരിക്കുന്നടക്കമുള്ള പ്രദേശങ്ങളുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും എം എല്‍ എ പറഞ്ഞു. കേരളത്തിലെ മറ്റിടങ്ങളിലേതുപോലെ ഇടുക്കിയിലും പട്ടയം ലഭ്യമാക്കണമെന്നതാണ് യു ഡി എഫ് നയം. വനഭൂമിയുടെ അതിരുകളടക്കമുള്ള വിഷയങ്ങളില്‍ അയ്യായിരത്തിലേറെ പരാതികളുണ്ട്. വനഭൂമിയുമായുള്ള തര്‍ക്കങ്ങള്‍ക്കും വന്യജീവികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയുടെ തനതായ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രയോജനപ്പെടുത്തി ഉത്തരവാദിത്ത ടൂറിസം, എക്കോ- ടൂറിസം, ഹെല്‍ത്ത് ടൂറിസം എന്നീ മേഖലകളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാര്‍, തേക്കടി, വാഗമണ്‍ തുടങ്ങിയ പ്രശസ്ത കേന്ദ്രങ്ങള്‍ക്ക് പുറമെ ഇടുക്കിയിലെ അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പ്രവാസി സംരംഭകരുടെ നിക്ഷേപം അനിവാര്യമാണ്.
അതോടൊപ്പം, ഏലം, കുരുമുളക്, കാപ്പി, തേയില തുടങ്ങിയ ഇടുക്കിയുടെ തനത് സുഗന്ധവ്യഞ്ജനങ്ങളും കാര്‍ഷിക ഉത്പന്നങ്ങളും അന്താരാഷ്ട്ര വിപണിയില്‍ നേരിട്ട് എത്തിക്കുന്നതിനുള്ള മൂല്യവര്‍ധിത സംസ്കരണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ പ്രവാസികള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇത് ജില്ലയിലെ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും.
ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുമായും വ്യവസായ പ്രമുഖരുമായും നടത്തുന്ന കൂടിക്കാഴ്ചകളെക്കുറിച്ചും ഇടുക്കിയുടെ ഭാവി വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രവാസി നിക്ഷേപ സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കുന്നതിനൊപ്പം പ്രവാസികളുടെ അറിവും വൈദഗ്ധ്യവും ആഗോള തലത്തിലുള്ള പ്രവൃത്തിപരിചയവും നാടിന്റെ വികസന പദ്ധതികളില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പ്രത്യേക കര്‍മ്മപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. പ്രവാസികളുടെ യാത്രാക്ലേശം, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ ആവശ്യങ്ങള്‍, നിക്ഷേപ സംരംഭങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ജനപ്രതിനിധികള്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലും ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്ധനവിലുള്ള പ്രവാസികളുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് റോയ് കെ പൗലോസ് വ്യക്തമാക്കി. മുന്‍ ഗവണ്മെന്റ് അനുവദിച്ചതും പൊതുജനങ്ങള്‍ക്ക് പ്രയോജനകരമല്ലാത്തതുമായ പദ്ധതികളില്‍ മാറ്റം വരുത്തുന്നതിനെ രാഷ്ട്രീയമായി കാണരുതെന്നും ഇടുക്കി എം എല്‍ എ പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമാക്കും. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ശാശ്വതമായ പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഇടുക്കി നിവാസികളുടെ കൂട്ടായ്മയായ ഇടുക്കി ഇന്‍കാസ് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം ചീഫ്കോഓര്ഡിനേറ്റര് ജീസ് ജോസഫ്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക്ക് പുറായില്‍, ഖത്തര്‍ ഇന്‍കാസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഉണ്ണി തനതാളില് എന്നിവരും പങ്കെടുത്തു.

