

പയ്യന്നൂര്‍: പിഞ്ചുകുഞ്ഞുങ്ങള്‍ പോലും സുരക്ഷിതരല്ലാത്ത വര്‍ത്തമാന കാലത്ത് തങ്ങള്‍ക്ക് നേരെ ഉയര്‍ന്നു വരുന്ന പൈശാചിക ശക്തികളോട് ശക്തമായ ഭാഷയില്‍ ഇന്ത്യ വിട്ടുപോകാന്‍ ആഹ്വാനം ചെയ്യുകയാണിവര്‍. പയ്യന്നൂര്‍ ഐ എസ് ഡി സ്കൂളിലെ കുട്ടികള്‍. We are angles; Quit India and go to Hell എന്ന മുദ്രാവാക്യം ചൊല്ലി കുഞ്ഞുമക്കള്‍ പ്രതികരിച്ചത് കാലികപ്രസക്തമായി.

പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും പുതുഗാഥകള്‍ രചിച്ച് കുട്ടികള്‍ വിദ്യാലയാങ്കണത്തില്‍ ഒത്തുകൂടി. എവിടെയായാലും സുരക്ഷിതരായിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ അപരിചിതരില്‍ നിന്നും ഒന്നും സ്വീകരിക്കരുതെന്നും സ്വകാര്യ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും അവ ആരേയും തൊടാന്‍ അനുവദിക്കരുതെന്നുമുള്ള അവബോധം കുട്ടികള്‍ക്ക് നല്കി.


സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സുരേഷ് പൊതുവാള് ക്വിറ്റ് ഇന്ത്യാ സമരസന്ദേശം നല്കി. സ്കൂള്‍ സി ഇ ഒ മുഹമ്മദ് സൈദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ ദിവ്യ കെ പി എന്നിവര്‍ സംബന്ധിച്ചു. ഇന്ത്യക്കാരെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്കാരേക്കാള് എത്രയോ നീചരാണ് ഇപ്പോള്‍ ഇവിടെ കുട്ടികളോട് പൈശാചികമായി പെരുമാറുന്നതെന്നും അന്ന് നമ്മുടെ സ്വാതന്ത്ര്യസമര ഭടന്മാര് ബ്രിട്ടീഷുകാര്‍ക്കെതിരെ ഉയര്‍ത്തിയ മുദ്രാവാക്യമാണ് അഭിനവ ഇന്ത്യയില്‍ ഈ നരാധമന്മാര്ക്കെതിരെ ഐ എസ് ഡി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നതെന്നും വിദ്യാര്‍ഥിയായ ഫര്‍ഹ ഫാത്തിമ അഭിപ്രായപ്പെട്ടു.
ഡെപ്യൂട്ടി ഹെഡ് ഗേള്‍ അമാനി അഷറഫ് മുദ്രാവാക്യം ചൊല്ലിക്കൊടുത്തു. സോഷ്യല്‍ സയന്‍സ് അധ്യാപകരായ ജയലളിത ടീച്ചര്‍, സതീശന് മാസ്റ്റര്‍, ഇവന്റ് കമ്മിറ്റി കോ ഓഡിനേറ്റര്‍ ശരണ്യ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.

