

ആലുവ: മദ്യം വിറ്റ് ലാഭം കൊയ്യുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിമുഖത കാണിച്ച് അധികൃതര്‍. ആലുവ സിവില്‍ സ്‌റ്റേഷന്‍ റോഡിലെ ബീവറേജസ് ഔട്ട്‌ലെറ്റിനാണ് ലാഭമുണ്ടായിട്ടും സൗകര്യങ്ങളൊരുക്കാതെ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുന്നത്.

സില്‍പോളിന്‍ ഷീറ്റുകള്‍ നീട്ടിവലിച്ചു കെട്ടിയാണ് തങ്ങളുടെ ഉപഭോക്താക്കളായ ‘കുടിയന്മാരെ’ മഴയില്‍ നിന്നും വെയിലില്‍ നിന്നും ബീവറേജുകാര്‍ കാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി പോകാന്‍ സാധിക്കുന്നില്ലെന്നത് എടുത്തു പറയേണ്ടതില്ല.

പൊതുസ്ഥലങ്ങളില്‍ മദ്യപിക്കാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും ഇവിടെ പലപ്പോഴും നിയമത്തിനൊന്നും കാര്യമായ വിലയില്ല. ബീവറേജസില്‍ നിന്നും വാങ്ങുന്ന കുപ്പി അതിന്റെ പരിസര പ്രദേശത്തു നിന്നുതന്നെ പൊട്ടിച്ചു കുടിക്കുന്നത് പതിവ് കാഴ്ചയാണ്. മദ്യക്കുപ്പിയും സോഡാ കുപ്പിയും ഉള്‍പ്പെടെ റോഡില്‍ വലിച്ചെറിഞ്ഞ് പോകുന്നതാണ് മറ്റൊരു ശീലം. കുടിച്ച കുപ്പി വഴിയില്‍ ഉപേക്ഷിക്കുന്ന ശീലമില്ലാത്തവര്‍ റോഡരികിലെ കാനയിലേക്ക് നിക്ഷേപിക്കുകയാണ് പതിവ്. കാനയില്‍ വെള്ളമൊഴുക്ക് തടസ്സപ്പെടാന്‍ ഇവരുടെ ഇത്തരം പ്രവര്‍ത്തി മാത്രം മതിയാകും.
