‘ജനനി 2026’ ദേശീയ വനിതാ കോണ്‍ക്ലേവ് ജൂലൈ 24-ന് കൊച്ചിയില്‍

Web Desk
2 Min Read

കൊച്ചി: ഭാരതരത്‌ന ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ 11-ാം അനുസ്മരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന രാജ്യവ്യാപക വനിതാ ശാക്തീകരണ പ്രസ്ഥാനമായ ‘ജനനി 2026’ ജൂലൈ 24ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.

city exchange

മാതൃത്വവും സ്ത്രീശാക്തീകരണവും സാമൂഹിക നേതൃത്വവും രാഷ്ട്രനിര്‍മാണത്തില്‍ സ്ത്രീകളുടെ സംഭാവനയും ഉയര്‍ത്തിക്കാട്ടുന്ന ദേശീയ വനിതാ കോണ്‍ക്ലേവായ ജനനി 2026 മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

സമൂഹത്തിനും രാജ്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ മാതൃകാ വനിതകളെ ആദരിക്കുന്ന ‘ജനനി പുരസ്‌കാരങ്ങളുടെ’ വിതരണച്ചടങ്ങ് പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വനിതാ നേതാക്കള്‍, നയരൂപകര്‍, ജനപ്രതിനിധികള്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍, കലാകാരികള്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ദേശീയ സംഗമമായിരിക്കും ജനനി 2026.

- Advertisement -
Ad image

ജനനി 2026 ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 23-ന് കൊല്ലം ജില്ലയിലെ വള്ളിക്കാവ് അമൃതപുരിയില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കും. മാതാ അമൃതാനന്ദമയി ദേവിയ്ക്ക് എ പി ജെ എ കെ ഐ എഫ് പരമോന്നത ബഹുമതി സമ്മാനിക്കും. എ പി ജെ എ കെ ഐ എഫും മീഡിയ ആന്റ് ഫിലിം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ പ്രകാശ് കുമാറും ചേര്‍ന്ന് അവതരിപ്പിക്കുന്ന നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുക്കിയ ‘കലാംസ് ഏഞ്ചല്‍’ പ്രചോദനാത്മക ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും.

ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ കുടുംബാംഗങ്ങളുടെയും ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിന്റെയും സാന്നിധ്യത്തിലും പങ്കാളിത്തത്തിലും നടക്കുന്ന ജനനി 2026-ന്റെ ചീഫ് പാട്രണ്‍മാരായി ഡോ. എ പി ജെ എം നസീമ മരയ്ക്കാറും ഡോ. എ പി ജെ എം ജെ ഷെയ്ഖ് സലീമും പ്രവര്‍ത്തിക്കുന്നു.

എ പി ജെ എം ജൈനുലാബുദ്ദീന്‍, എ പി ജെ എം ജെ ഷെയ്ഖ് ദാവൂദ്, മല്ലിക സുകുമാരന്‍ എന്നിവര്‍ പാട്രണ്‍മാരാണ്. ക്യാപ്റ്റന്‍ പ്രകാശ് കുമാര്‍ പി ബി (റിട്ട.), ഡോ. ജെറി മാത്യു എന്നിവര്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍മാരായും ഒലിവിയ സെയ്റ റൈജു ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!