

ന്യൂഡല്‍ഹി: ജെ സി ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ അഞ്ചാം സാഹിത്യ പുരസ്‌ക്കാരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചു. ഖാലിദ് ജാവേദിന്റെ ദി പാരഡൈസ് ഓഫ് ഫുഡ് എന്ന
ഉറുദു നോവലിനാണ് പുരസ്‌ക്കാരം.

ഇന്ത്യയില്‍ നിലവില്‍ ഉള്ള സാഹിത്യ സമ്മാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുകയുള്ള സമ്മാനമാണിത്. വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. കൃതി വിവര്‍ത്തനമാണെങ്കില്‍ വിവര്‍ത്തനം ചെയ്ത ആള്‍ക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

അവാര്‍ഡ് നേടുന്ന നാലാമത്തെ വിവര്‍ത്തനവും ഉറുദു ഭാഷയിലെ ആദ്യ കൃതിയുമാണ് ദി പാരഡൈസ് ഓഫ് ഫുഡ്.

അമ്പത് വര്‍ഷത്തെ ഒരു ഇടത്തരം മുസ്ലിം കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന ഈ നോവല്‍, ഭക്ഷണം ഒരു ഓര്‍മയും ദുരന്തവുമായി വരുന്നതിനെ വരച്ചു കാണിക്കുന്ന കൃതിയാണ്.
ആദ്യ ഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 10 കൃതികളായിരുന്നു തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അത് അഞ്ചു കൃതികളായി ചുരുക്കിയതില്‍ നിന്നാണ് ഇപ്പോള്‍ വിജയിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ മലയാളി എഴുത്തുകാരി ഷീലാ ടോമിയുടെ നോവല്‍ വല്ലി ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്തതും ഉള്‍പ്പെടുന്നു. മനോരഞ്ജന്‍ ബ്യാപാരിയുടെ ഇമാന്‍,
ചുഡന്‍ കബിമോയുടെ സോംഗ് ഓഫ് ദി സോയില്‍, ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാന്‍ഡ് എന്നിവയാണ് മറ്റുള്ള നോവലുകള്‍.
മലയാളം, ബംഗ്‌ള, ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലെ കൃതികളായിരുന്നു അവസാന പട്ടികയില്‍ ഇടംപിടിച്ചിരുന്നത്.
പത്രപ്രവര്‍ത്തകനും എഡിറ്ററുമായ എ എസ് പനീര്‍സെല്‍വന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഇതില്‍ അമിതാഭ് ബാഗ്ചി, രഖീ ബലറാം, മലയാളിയായ ഡോ. ജെ ദേവിക, ഡോ. ജാനിസ് പരിയാറ്റ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
ഇതിന് മുന്‍പ് മൂന്നുതവണ ജെ സി ബി സാഹിത്യ പുരസ്‌ക്കാരം മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 2018ല്‍ മുല്ലപ്പു നിറമുള്ള പകലുകളില്‍ ബെന്യാമിനും 2020ല്‍ മീശയിലൂടെ എസ് ഹരീഷിനും 2021ല്‍ എം മുകുന്ദന്റെ ദല്‍ഹിക്കുമാണ് പുരസ്‌ക്കാരം ലഭിച്ചത്.

