സീതാറാം യെച്ചൂരി അന്തരിച്ചു

Web Desk
3 Min Read

ന്യൂഡല്‍ഹി: സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.

city exchange

കടുത്ത പനിയെ തുടര്‍ന്ന് ആഗസ്ത് 19നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി.

പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തിയാണ് ഭാര്യ. യു കെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമ പ്രവര്‍ത്തകന്‍ പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കളാണ്.

സര്‍വേശ്വര സോമയാജി യെച്ചൂരി, കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചു. ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സി ബി എസ് സി പരീക്ഷയില്‍ രാജ്യത്ത് ഒന്നാംറാങ്ക് നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബി എ ഓണേഴ്‌സ് പഠനം. ജെ എന്‍ യുവില്‍ നിന്ന് എം എ പൂര്‍ത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായതോടെ മുടങ്ങി.

- Advertisement -
Ad image

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ഥിയായിരിക്കെ 1974ലാണ് എസ് എഫ് ഐ അംഗമായത്. അടിയന്തിരാവസ്ഥ കാലത്ത് ഒളിവില്‍ കഴിഞ്ഞു രാഷ്ട്രീയ പ്രവര്‍ത്തനം തുടരവെ 1975ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1977ല്‍ ഡല്‍ഹി ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. തുടര്‍ന്ന് പ്രസിഡന്റ് പദവിയില്‍. ‘പഠിക്കുക, പോരാടുക’ എന്ന മുദ്രാവാക്യം എസ് എഫ് ഐ ഉയര്‍ത്തുന്നത് ഈ കാലഘട്ടത്തിലാണ്.

യെച്ചൂരിയിലും പ്രകാശ് കാരാട്ടിലും ഭാവിയില്‍ സിപിഐ എമ്മിനെ നയിക്കാനുള്ള നേതൃപാടവവും ദാര്‍ശനിക ശേഷിയും കണ്ടെത്തിയത് ഇ എം എസും സുന്ദരയ്യയുമാണ്. 1975ലാണ് സി പി എം അംഗമായത്. 1985ല്‍ 12-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായി. പി സുന്ദരയ്യ, ഇ എം എസ്, ബി ടി ആര്‍, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1992ല്‍ നടന്ന 14-ാം പാര്‍ടി കോണ്‍ഗ്രസ് സമ്മേളനത്തടെ പൊളിറ്റ്ബ്യൂറോയില്‍ എത്തി.

2005 മുതല്‍ 2017 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ജനകീയ വിഷയങ്ങള്‍ ശ്രദ്ധേയമാം വിധം പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായി യെച്ചൂരി പാര്‍ലമെന്റില്‍ നിരന്തരം ഇടപെടലുകള്‍ നടത്തി. ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം എന്നീ വകുപ്പുകളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സുപ്രധാന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെയും 2004ലെ ഒന്നാം യു പി എ സര്‍ക്കാരിന്റെയും രൂപീകരണത്തില്‍ നിര്‍ണായക പങ്ക് യെച്ചൂരിക്കുണ്ട്.

യു പി എ- ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നു. 2014 മുതല്‍ ബി ജെ പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും വര്‍ഗ്ഗീയവുമായ നയങ്ങള്‍ക്കെതിരെ ആശയപ്രചാരണത്തിനും പ്രക്ഷോഭത്തിലും നേതൃത്വം നല്‍കി. മോഡി സര്‍ക്കാരിന്റെ കേന്ദ്രീകൃതവും അമിതാധികാര വാഴ്ചക്കെതിരായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. കോവിഡ് കാലത്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ചു. ജമ്മുകശ്മീരിലും മണിപ്പുരിലും അടക്കം സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിച്ച് പീഡിതരായ ജനങ്ങള്‍ക്കൊപ്പം നിന്നു.

വിശാഖപട്ടണത്ത് 2015ല്‍ നടന്ന 21-ാം പാര്‍ടി കോണ്‍ഗ്രസിലാണ് പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഹൈദരാബാദ്, കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് പിന്നാലെയും ജനറല്‍ സെക്രട്ടറിയായി തുടര്‍ച്ച ലഭിച്ചു. ലെഫ്റ്റ ഹാന്‍ഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇന്‍ ട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേഴ്‌സസ് സെക്യുലറിസം, ഘൃണ കി രാജ്‌നീതി (ഹിന്ദി) തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!