
കൊച്ചി: മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ജിതിന്‍ കെ ജോസ്- ജയസൂര്യ ചിത്രം ‘മായന്‍’ കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സച്ചിയുടെ ഭാര്യ സിജി സച്ചിയും സഹോദരി സജിതയും ചേര്‍ന്ന് ചിത്രത്തിന്റെ ടൈറ്റില്‍ അനാഛാദനം നിര്‍വ്വഹിച്ചു. അണിയറ പ്രവര്‍ത്തകരും മലയാള സിനിമയിലെ പ്രമുഖരും പൂജ ചടങ്ങില്‍ പങ്കെടുത്തു.

സൂപ്പര്‍ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓര്‍ഡിനറി, അനാര്‍ക്കലി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്ക് വെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും അതിലെ ചിത്രവും കുറിപ്പുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. മലയാള സാഹിത്യത്തിലുള്‍പ്പെടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലര്‍ ആയ ഒരു വിഷയമാണ് ‘കറുത്തച്ചനൂട്ട്’ എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വര്‍ധിപ്പിക്കുന്നുണ്ട്.
എന്നാല്‍ ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ജയസൂര്യ, നൈല ഉഷ എന്നിവര്‍ക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും സുപ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കളങ്കാവല്‍ ടീമിലെ പ്രധാന സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസല്‍ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിര്‍വഹിക്കുന്നത് പ്രവീണ്‍ പ്രഭാകര്‍ എന്നിവരാണ്. ലൈന്‍ പ്രൊഡ്യൂസര്‍ രോഹിത്ത് ആര്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പി ആര്‍ ഒ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍ വി, സ്റ്റില്‍സ്- സിനത് സേവ്യര്‍, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍.

