കെ റെയില്‍; മാത്തോട്ടത്ത് സര്‍വേക്കല്ല് സ്ഥാപിക്കുന്നതിനെച്ചൊല്ലി തര്‍ക്കം, സംഘര്‍ഷാവസ്ഥ

Web Desk
1 Min Read

കോഴിക്കോട്: കെ റെയില്‍ സര്‍വേക്കല്ല് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് മാത്തോട്ടത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി.

city exchange

മണിക്കൂറുകളോളം സര്‍വേക്കല്ല് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞപ്പോള്‍ വന്‍പൊലീസ് സന്നാഹമെത്തിയാണ് പ്രശ്നം പരിഹരിച്ചത്. എതിര്‍പ്പുമായി എത്തിയവരുമായി പൊലീസ് കൈയ്യാങ്കളിയുടെ വക്കിലെത്തി. പദ്ധതിക്കായി വീട്ടുടമസ്ഥനെ പൊലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തി മുറ്റത്ത് സര്‍വെ കല്ല് സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

കോഴിക്കോട് മാത്തോട്ടത്താണ് സംഭവം. സര്‍വേയുടെ ഭാഗമായി വന്‍ പൊലീസ് സന്നാഹം മേഖലയില്‍ രാവിലെ
മുതല്‍ തമ്പടിച്ചിരുന്നു. മാത്തോട്ടം ഖബര്‍സ്ഥാന് സമീപം കണിയങ്കണ്ടി പറമ്പിലാണ് വീട്ടുകാരുടെ എതിര്‍പ്പിനെതിരെ പൊലീസിന് ബലപ്രയോഗം നടത്തേണ്ടിവന്നത്. ഇതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ഖബര്‍സ്ഥാനോട് ചേര്‍ന്ന് ഷഫീഖ് മന്‍സില്‍ അബ്ദുല്‍ റസാഖിന്റെ വീട്ടുമുറ്റത്ത് സര്‍വേ കല്ല് സ്ഥാപിക്കുന്നതിനെ കുടുംബവും പരിസരവാസികളും ചേര്‍ന്ന് എതിര്‍ത്തു. ഇവരെ ഫറോഖ് അസിസ്റ്റന്റ് കമീഷണര്‍ എം സിദ്ദീഖിന്റെ നേതൃത്വത്തില്‍ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ വീട്ടുമുറ്റത്ത് സില്‍വര്‍ലൈന്റെ കല്ല് സ്ഥാപിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് വീട്ടുമുറ്റത്തും പരിസരപ്രദേശത്തുമായി സംഘര്‍ഷാവസ്ഥയുണ്ടായത്.

- Advertisement -
Ad image

എതിര്‍ത്ത നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുതല്‍ എതിര്‍പ്പുമായി കൂട്ടം കൂടി നിന്ന സ്ത്രീകളുള്‍പടെ പൊലിസ് നടപടികണ്ട് ഭയന്ന് പിരിഞ്ഞുപോയി. തഹസില്‍ദാറുടെ ചുമതലയുള്ള കെ ഹരീഷിന്റെ നേതൃത്വത്തില്‍ പിന്നീട് ഉദ്യോഗസ്ഥര്‍ സര്‍വേ നടപടികള്‍ തുടര്‍ന്നു.

40ഓളം വീട്ടുകാരെയാണ് മേഖലയില്‍ പദ്ധതി ബാധിക്കുന്നത്. മുന്നറിയിപ്പില്ലാതെ പൊലീസും ഉദ്യോഗസ്ഥരും സര്‍വേ നടപടികളുമായി വീട്ടുവളപ്പില്‍ പ്രവേശിച്ചു എന്നായിരുന്നു നാട്ടുകാരുടെ പരാതി. കെ റെയിലിനെതിരെ പ്രദേശത്ത് സമരസമിതിയോ പ്രതിഷേധ കൂട്ടായ്മയോ ഇല്ല. എന്നാല്‍ ഇത്തരമൊരു നടപടിയുമായി അധികൃതര്‍ വരുമ്പോള്‍ മുന്‍കൂട്ടി നാട്ടുകാരെ അറിയിക്കുകയും അവരുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോവുകയുമായിരുന്നു വേണ്ടതെന്ന് പ്രദേശത്തുകാര്‍ ഒന്നടങ്കം പറഞ്ഞു. അതേസമയം എന്തുവില കൊടുത്തും സര്‍വേ നടപടികളുമായി മുന്നോട്ടുപോവുമെന്നാണ് പൊലീസിന്റെ പക്ഷം.

Share This Article
Leave a Comment
error: Content is protected !!