

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.

മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ ഉള്ളാട്ടുതൊടി കേളന്‍- ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. വിളയില്‍ വത്സല എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര്‍ സ്വീകരിക്കുകയായിരുന്നു. അയ്യായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.

മുഹമ്മദ് മുസ്തഫ എന്ന ചിത്രത്തില്‍ പി ടി അബ്ദുറഹ്മാന്റെ രചനയായ അഹദവനായ പെരിയോനേ എന്ന ഗാനം എം എസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല ആദ്യമായി സിനിമയില്‍ പാടിയത്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ നിരവധി സ്റ്റേജ് പരിപാടികള്‍ നടത്തിയ ഫസീലയുടേതായി നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഗായികയാണ്.
ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമീന, മക്കത്ത് പോണോരെ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങള്‍ ഫസീല പാടിയതാണ്.
കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക്‌ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: മുഹമ്മദലി. മക്കള്‍: ഫാഹിമ, ഫയാദലി. മരുമക്കള്‍: റമീസ്, ഷഹര്‍ബാന്‍.

