
കാക്കനാട്: എറണാകുളം ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതി യുവാക്കള്‍ക്ക് ഉന്‍മാദ ലഹരി പകരുന്നതിനായി മയക്ക് മരുന്നുകള്‍ എത്തിച്ച് വില്‍പ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് ഇതര സംസ്ഥാനക്കാരെ ചൈനാ വൈറ്റ് വിഭാഗത്തില്‍പ്പെടുന്ന അതിമാരക മയക്കു മരുന്നായ ഹെറോയിനുമായി എക്‌സൈസ് പിടികൂടി. കാക്കനാട് ഭാരത് മാത കോളേജിന് സമീപമുള്ള വാടക കെട്ടിടത്തില്‍ നിന്നാണ് അസ്സം കരീംഖജ് സ്വദേശികളായ ജഹിദുള്‍ ഇസ്ലാം (കബൂത്തര്‍ ഭായി- 29), റംസാന്‍ അലി (26) എന്നിവരാണ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് സ്‌ക്വാഡ് ടീം, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 16 ഗ്രാം ഹെറോയിന്‍, ഒരു ഗ്രാം എം ഡി എം എ, 30 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് കണ്ടെടുത്തു. മയക്ക് മരുന്ന് വില്‍പ്പന നടത്തി കിട്ടിയ രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപയും മയക്ക് മരുന്ന് വില്‍പ്പന നടത്തുന്നതിനായി ഉപയോഗിച്ച മൂന്ന് സ്മാര്‍ട്ട് ഫോണുകളും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

10 മില്ലി ഗ്രാം അടങ്ങുന്ന ചെറിയ ഒരു കുപ്പിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ആവശ്യക്കാരുടെ പക്കല്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങിയ ശേഷം അസമിലെ അതിര്‍ത്തി ഗ്രാമമായ കരീംഖഞ്ചില്‍ നിന്ന് മയക്ക് മരുന്ന് കാക്കനാടുള്ള വാടക വീട്ടില്‍ എത്തിച്ച ശേഷം പണം നല്‍കിയവരുടെ താമസ സ്ഥലത്ത് നേരിട്ട് മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നതായിരുന്നു വില്‍പ്പനയുടെ രീതി. ആവശ്യക്കരുടെ താമസ സ്ഥലത്ത് മയക്ക് മരുന്ന് നേരിട്ട് ഉത്തരവാദിത്തത്തോടെ എത്തിച്ച് നല്‍കുന്നതിനാല്‍ ഉപഭോക്താക്കള്‍ ജഹിദുള്‍ ഇസ്ലാമിന് നല്‍കിയ പേരാണ് കബൂത്തര്‍ ഭായി എന്നത്. ഓണ്‍ലൈന്‍ ആയി ഇവര്‍ പണം സ്വീകരിച്ചിരുന്നില്ല.

ഉപഭോക്താക്കളുടെ ഇടയില്‍ ചൈന വൈറ്റ് എന്ന വിളിപ്പേരുള്ള അതിമാരക രാസലഹരിയാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള മയക്ക് മരുന്ന് 5 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വര്‍ഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് 16 ഗ്രാമോളം തൂക്കം വരുന്നതാണ്. കാക്കനാട് തുതിയൂര്‍ ഭാഗത്ത് നിന്ന് ഈ അടുത്തിടെ പിടിയിലായ യുവാവില്‍ നിന്നാണ് കബൂത്തര്‍ ഭായിയെയും സുഹൃത്തിനേയും കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചത്.
തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. കാക്കനാട് ഭാരത് മാത കോളേജിന് സമീപമുള്ള വാടക വീട്ടില്‍ ഇരുന്ന് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന് മയക്ക്മരുന്ന് പാക്ക് ചെയ്യുന്നതിനിടെ ഇവരുടെ താമസ സ്ഥലത്തേക്ക് ഇടിച്ചു കയറിയാണ് എക്‌സൈസ് സംഘം ഇവരെ കീഴ്‌പ്പെടുത്തിയത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അത്യന്തം വിനാശകാരിയായ ചൈനാ വൈറ്റ് എന്ന് വിളിപ്പേരുള്ള ഹെറോയിന്‍ ഇത്രയും അധികം പിടിച്ചെടുക്കുന്നത്. അത്യന്തം വിനാശകാരിയായ ഈ രാസലഹരിയുടെ ഉപയോഗം അമിത രക്ത സമര്‍ദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയില്‍ എത്തിച്ചേരുവാനും ഇതേ തുടര്‍ന്ന് ഹൃദയാഘാതം വരെ സംഭവിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും ഈ മയക്ക് മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ലഹരി സംഘങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശനമായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എന്‍ സുദീര്‍ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് സ്‌ക്വാഡ് ടീമിലെ ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗ്ഗീസ്, പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, സിവില്‍ എക്‌സൈസ് ഓഫീസര്‍ രജിത്ത് ആര്‍ നായര്‍, ഐബി അസിസ്റ്റ്ന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ജി അജിത്ത് കുമാര്‍, എറണാകുളം നോര്‍ത്ത് സര്‍ക്കിളിലെ ഇന്‍സ്‌പെക്ടര്‍ സേതു ലക്ഷ്മി, സിവില്‍ എക്‌സൈസ് ഓഫീസറായ വി എം സെയ്ത്, വിമല്‍രാജ്, ബൈജു എം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

