

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ മലയാള സിനിമയായി കനകം കാമിനി കലഹം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കൊപ്പം വിനയ് ഫോര്‍ട്ടും ഗ്രേസ് ആന്റണിയും മുഖ്യകഥാപാത്രങ്ങളായെത്തുന്നു.

നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു, സുധീഷ്, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, സുധീര്‍ പറവൂര്‍ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. ‘ഡിസ്നി ഡേ’ ആയ നവംബര്‍ 12ന് ആണ് സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.

തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന മുഴുനീള ഹാസ്യ ചിത്രമാണ് കനകം കാമിനി കലഹമെന്ന് നിവിന്‍ പോളി ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തിയേറ്ററുകളില്‍ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിന്‍ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേര്‍ത്തു വെക്കാനാകുന്ന മറ്റൊരു സിനിമയാണ് കനകം കാമിനി കലഹം.
ശുദ്ധഹാസ്യത്തെയും ആക്ഷേപഹാസ്യത്തെയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മലയാളികള്‍ക്ക് ഇതൊരു ഗംഭീര ചിരിവിരുന്നായിരിക്കുമെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ അവകാശപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോര്‍ട്ടില്‍ എത്തുന്ന ദമ്പതികളും അവിടെ അവര്‍ക്ക് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
മലയാളി മങ്കമാരുടെ കനകത്തോടുള്ള താല്പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നര്‍മ്മത്തില്‍ ചാലിച്ചവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. ചിത്രത്തിലെ ‘മഞ്ഞകാല്‍വരിപൂക്കള്‍’ എന്ന് തുടങ്ങുന്ന കവിത ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണം. അതിനാല്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്താണ് ഷൂട്ടിംഗ് മുന്നോട്ട് പോയത്. എറണാകുളവും ഇടുക്കിയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഏകദേശം 40 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമയുടെ ഷൂട്ടിംഗ് 2020 ഡിസംബര്‍ മധ്യത്തോടെ അവസാനിച്ചു. സിനിമയുടെ മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ 2021 ജനുവരിയിലും ഫെബ്രുവരിയിലുമായാണ് നടന്നത്.
വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. യാക്സെന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടിയാണ്. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കള്‍ട്ട് റെവല്യൂഷന്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചു. ഹോട്ട്സ്റ്റാറില്‍ റിലീസായ സിനിമ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്

