കഞ്ചാ പൂ കണ്ണാലേ ഗാനം വൈറല്‍; കാര്‍ത്തിയുടെ ‘വിരുമന്‍’ ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍

Web Desk
1 Min Read

ചെന്നൈ- കാര്‍ത്തിയെ നായകനാക്കി 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും നിര്‍മ്മിച്ച ‘വിരുമന്‍’ സിനിമയുടെ റിലീസ് ആഗസ്റ്റ് 12നെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു പുതിയ പോസ്റ്റര്‍ പുറത്തിറക്കി. നേരത്തേ ആഗസ്റ്റ് 31ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ ഓഡിയോ- ട്രെയിലര്‍ ലോഞ്ച് ആഗസ്റ്റ് മൂന്നിന് മധുരയിലെ രാജ മുത്തയ്യ ഹാളില്‍ ആരാധകരുടെ സാന്നിധ്യത്തില്‍ നടക്കും.

city exchange

മുത്തയ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വിരുമനില്‍ സംവിധായകന്‍ ഷങ്കറിന്റെ ഇളയപുത്രി പുതുമുഖം അതിഥി ഷങ്കറാണ് നായിക. ‘പരുത്തി വീരന്‍’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയില്‍ വേരോട്ടം നടത്തിയ കാര്‍ത്തിക്ക് ഗ്രാമീണ വേഷത്തില്‍ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘കൊമ്പന്‍’. ഈ വന്‍ വിജയ ചിത്രത്തിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വിരുമന്‍’. രണ്ടു മാസം മുമ്പ് പുറത്തു വിട്ട ‘കഞ്ചാപൂ കണ്ണാലെ, ശെപ്പു ശേല ഉന്നാലെ, ഇടുപ്പ് വേട്ടി അവിരുതടി നീ സിരിച്ചാ തന്നാലെ’ എന്ന ഗാന രംഗത്തിന്റെ മേക്കിംഗ് വീഡിയോ യൂട്യൂബില്‍ 27 മില്യനില്‍പരം കാഴ്ചക്കാരെ നേടി തരംഗം സൃഷ്ടിച്ച് ജൈത്രയാത്ര തുടരുകയാണ്. ഇതുതന്നെ പ്രേക്ഷകരില്‍ ചിത്രത്തെ കുറിച്ച് ആകാംക്ഷയും പ്രതീക്ഷയും വര്‍ധിപ്പിച്ചിരിക്കയാണ്.

രാജ് കിരണ്‍, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യാ പൊന്‍വര്‍ണന്‍ എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിരുമന്‍’ ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷന്‍ എന്റര്‍ടൈനറായിരിക്കുമെന്ന് അണിയറക്കാര്‍.

എസ്. കെ. ശെല്‍വകുമാര്‍ ഛായഗ്രഹണവും യുവന്‍ ഷങ്കര്‍രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അനല്‍ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!