

കൊച്ചി: മയക്കു മരുന്നായ എം ഡി എം എയും കഞ്ചാവുമായി വനിതയുള്‍പ്പെടെ അഞ്ചു പേര് കൊച്ചി സിറ്റി നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായി. ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന് (24), നവാല്‍ റഹ്മാന് (23), സിറാജ് സി പി (24), ചേര്‍ത്തല സ്വദേശിനി സോനു സെബാസ്റ്റ്യന്‍ (23), തൃശ്ശൂര്‍ സ്വദേശി അല്‍ത്താഫ് (24) എന്നിവരാണ് നാര്‍ക്കോട്ടിക്ക് സെല്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ഡാന്‍സാഫ് ടീമിന്റെ പിടിയിലായത്.

കൊച്ചി സിറ്റി ഡാന്‍സാഫും എളമക്കര പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 0.34 ഗ്രാം എം ഡി എം എയും 155 ഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടുകയായിരുന്നു. ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബര്‍ എന്നയാളെ കഴിഞ്ഞ ദിവസം സി ഐ എസ് എഫ് പിടികൂടി ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കറുകപ്പള്ളി ലോഡ്ജില്‍ താമസിച്ചിരുന്ന പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

നാര്‍ക്കോട്ടിക്ക് സെല്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുല്‍ സലാം, എളമക്കര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, ഡാന്‍സാഫ് എസ് ഐയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങള്‍, എളമക്കര പൊലീസ് എന്നിവര്‍ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
മയക്കുമരുന്ന് ലഭിച്ച ഉറവിടം അറിയുന്നതിന് പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്ന് കൊച്ചി പൊലീസ് കമ്മീഷണറേറ്റ് നാര്‍ക്കോട്ടിക്ക് സെല്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുല്‍ സലാം പറഞ്ഞു.
യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും ഭാവി തകര്‍ക്കുന്ന മയക്കു മരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ യോദ്ധാവ് ആപ്പിന്റെ 9995966666 എന്ന വാട്സ് നമ്പരിലേക്ക് വീഡിയോ, ഓഡിയോ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. കൂടാതെ കൊച്ചി പൊലീസ് കമ്മീഷണറേറ്റ് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 എന്ന നമ്പരിലേക്കോ കൊച്ചി പൊലീസ് കമ്മീഷണറേറ്റ് ഡാന്‍സാഫ് ടീമിന്റെ 9497980430 എന്ന നമ്പരിലേക്കോ വിവരം അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരും മറ്റു കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കൊച്ചി പൊലീസ് കമ്മീഷണറേറ്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ആന്റ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

