

ദോഹ: കര്‍ണാടക സംഘ ഖത്തര്‍ 67-ാമത് സംസ്ഥാന രൂപീകരണ ദിനം ‘കന്നഡ രാജ്യോത്സവ’ സംഘടിപ്പിച്ചു. കര്‍ണാടക ആസ്ഥാനമായുള്ള അസോസിയേഷനുകളായ തുളുക്കൂട്ട ഖത്തര്‍, ബണ്ട്‌സ് ഖത്തര്‍, മംഗലാപുരം കള്‍ച്ചറല്‍ അസോസിയേഷന്‍, ബില്ലവാസ് ഖത്തര്‍, മംഗലാപുരം ക്രിക്കറ്റ് ക്ലബ്ബ് എന്നിവ പങ്കെടുത്തു. ചടങ്ങില്‍ പുനീത് രാജ്കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി പ്രസിഡന്റ് ടി എസ് നാഗാഭരണ, കന്നഡ പ്രഭ ചീഫ് എഡിറ്ററും സുവര്‍ണ ന്യൂസിന്റെ മീഡിയ ഇന്‍ചാര്‍ജുമായ രവി ഹെഗ്‌ഡെയും മുഖ്യാതിഥികളായിരുന്നു. സംവിധായകനും നടനുമായ അനൂപ് ഭണ്ഡാരി, മിമിക്രി താരം യോഗി ഗൗഡ, ഇന്ത്യന്‍ എംബസി കൗണ്‍സലര്‍ ആഞ്ചലീന പ്രേമലത, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു എന്നിവര്‍ പങ്കെടുത്തു. മഹേഷ് ഗൗഡ സ്വാഗതവും സുശീല സുനില്‍ നന്ദിയും പറഞ്ഞു.


മിഡില്‍ ഈസ്റ്റില്‍ ആദ്യമായി അതിഥികള്‍ക്ക് സുമ ഗൗഡ നൃത്തസംവിധാനം നിര്‍വഹിച്ച ‘ഡോളു കുനിത’ എന്ന പരമ്പരാഗത സ്വീകരണം നല്‍കി.
കന്നഡ ഭാഷാ വികസനത്തിനായുള്ള സംഭാവനകള്‍ക്കുള്ള അംഗീകാരമായി ടി എസ് നാഗാഭരണത്തിന് ‘ഖത്തര്‍ കന്നഡ സമ്മാന്‍’ നല്‍കി ആദരിച്ചു.

അനൂപ് ഭണ്ഡാരി, ടി എസ് നാഗാഭരണ എന്നിവരുടെ ഗാനങ്ങള്‍ക്കൊപ്പമുള്ള നൃത്തങ്ങള്‍ കെ എസ് ക്യു അംഗങ്ങള്‍ അവതരിപ്പിച്ചു. ‘കന്നഡ ഭാഷ സംരക്ഷിക്കുക’ എന്ന വിഷയത്തില്‍ സ്‌കിറ്റ് അവതരിപ്പിച്ചു. കന്നഡ സിനിമയായ കാന്താരയിലെ വരാഹ രൂപം നൃത്തം അസോസിയേഷന്റെ ലേഡീസ് ആന്‍ഡ് ചില്‍ഡ്രന്‍സ് കോര്‍ഡിനേറ്റര്‍ സഞ്ജന ജീവന്‍ അവതരിപ്പിച്ചു.

