

കൊച്ചി: അറബി ഭാഷയ്ക്ക് കേരളത്തില്‍ ഉന്നത സ്ഥാനമുണ്ടെന്നും ഈ ഭാഷ പഠിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത ഏറെയാണെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ ഉദ്യമം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും കൊച്ചിന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്‌റഫ് അഭിപ്രായപ്പെട്ടു. കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അക്കാദമിക് വിങ്ങ് സംഘടിപ്പിച്ച പി എസ് സി ക്രാഷ് കോഴ്‌സിന്റെ സമാപനവും മാതൃക പരീക്ഷയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും പി എസ് സി പരീക്ഷകളില്‍ അറബി ഭാഷാ പഠനം തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള സാധ്യതകളെക്കുറിച്ചും അവര്‍ ഏറ്റെടുക്കേണ്ട വലിയ ഉത്തരവാദിത്വത്തിലേക്കും വിരല്‍ ചൂണ്ടി അദ്ദേഹം സംസാരിച്ചു. കെ എ ടി എഫിന്റെ സൗജന്യ പരിശീലന പരിപാടി ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിച്ചു. കോഴ്‌സില്‍ പങ്കെടുത്ത് മോഡല്‍ പരീക്ഷ എഴുതിയവരുടെ റാങ്ക് ലിസ്റ്റ് സംസ്ഥാന കൗണ്‍സിലര്‍ സി എസ് സിദ്ദീഖ് പ്രഖ്യാപിച്ചു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സാദിഖ്, ഉമര്‍ തൃത്താല, ഹുസൈന്‍ ആലുവ, സഹീര്‍ മൗലവി, ഹഫ്‌സത്ത് ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ട്രഷറര്‍ ത്വാഹ എം സ്വാഗതവും ജില്ലാ സെക്രട്ടറി ഫസീല അബ്ബാസ് നന്ദിയും രേഖപ്പെടുത്തി.
പുല്ലേപ്പടി ദാറുല്‍ ഉലമ അറബി കോളേജില്‍ നടന്ന പി എസ് സി മോഡല്‍ എക്‌സാമില്‍ അന്‍സല്‍ന കെ എച്ച് ഒന്നാം റാങ്കും അന്‍സിയ എം എ രണ്ടാം റാങ്കും
അഷീറ മൂന്നാം റാങ്കും അര്‍ഷദ് പി അഷ്‌റഫ് നാലാം റാങ്കും നബീസ പി പി അഞ്ചാം റാങ്കും നേടി.

