

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ച നവ്‌ജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ അരവിന്ദ് കെജ്രിവാള്‍ ഇന്ന് അമൃതസറില്‍. പഞ്ചാബിലെത്തുന്ന കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വലിയ പ്രഖ്യാപനം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി എം എല്‍ എയും വക്താവുമായ രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു.

ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതിനു മുമ്പായി കെജ്രിവാള്‍ എന്താണ് പ്രഖ്യാപിക്കാനിരിക്കുന്നതെന്ന ആകാംക്ഷയിലാണ് മാധ്യമങ്ങള്‍. കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ പരമാവധി ആം ആദ്മി മുതലെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിദ്ദുവിന്റെ രാജിയുണ്ടായത്.

പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി 72 ദിവസം മാത്രമാണ് സിദ്ദുവിന് പ്രവര്‍ത്തിക്കാനായത്. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയില്‍ തനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും അതിനാല്‍ അധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നുമാണ് സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സിദ്ദു പറയുന്നത്.
നവ്ജ്യോത് സിംഗ് സിദ്ദുവിന് പിന്നാലെ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചിരുന്നു. അതിനിടെ രാജിവെച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി ജെ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അത് നിഷേധിച്ചിട്ടുണ്ട്. അമരീന്ദര്‍ സിംഗ് ഡല്‍ഹിയില്‍ പോയതോടെ അഭ്യൂഹം ശക്തമായിരുന്നെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് യാത്ര നടത്തിയതെന്നാണ് അമരീന്ദര്‍ സിംഗുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞത്.

