കേരളം മലയ്ക്കും കടലിനുമിടയില്‍; സൂക്ഷിക്കണേയെന്ന് പ്രൊഫ. കെ ടി രവീന്ദ്രന്‍

Web Desk
1 Min Read

കൊച്ചി: കാര്യക്ഷമമായ നഗര രൂപകല്‍പ്പനയില്‍ ആ നഗരത്തിന്റെ സാംസ്‌കാരത്തോടും പരിസ്ഥിതിയോടുമുള്ള പ്രതിബദ്ധത പ്രതിഫലിക്കണമെന്ന് ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ബോധി 2022 നഗരവികസന കോണ്‍ക്ലേവില്‍ നഗരരൂപകല്‍പ്പനയിലെ പുതുപ്രവണതകള്‍ എന്ന സെഷനില്‍ പങ്കെുടുത്ത വിദഗ്ധര്‍. ഡല്‍ഹി എസ് പി എ മുന്‍ ഡീന്‍ പ്രൊഫ. കെ. ടി. രവീന്ദ്രന്‍ അധ്യക്ഷനായ സെഷനില്‍ ആര്‍ക്കിടെക്റ്റുമാരായ വിവേക് പി പി പി, ബിലി ഇ മേനോന്‍ എന്നിവര്‍ കേരളത്തിലും തമിഴ്നാട്ടിലുമുള്ള നഗരങ്ങളിലെ പൊതുഇടങ്ങള്‍ രൂപകല്‍പ്പന ചെയ്ത അനുഭവങ്ങള്‍ പങ്കുവെയ്ക്കവെയാണ് ഇങ്ങനെ പറഞ്ഞത്.

city exchange

കാലാവസ്ഥാമാറ്റങ്ങള്‍ കൊണ്ടുവന്ന ഭീതിദമായ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ നഗരം രൂപകല്‍പ്പന ചെയ്യുന്നത് പരിസ്ഥിതി രൂപകല്‍പ്പന തന്നെയാകണമെന്ന് ഈ മേഖലയിലെ അക്കാദമിക് രംഗത്ത് മൂന്നു ദശകത്തിലേറെ അനുഭവസമ്പത്തുള്ള പ്രൊഫ. രവീന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതിലോലമായ മലനിരകള്‍ക്കും കടലിനുമിടയിലാണ് കേരളത്തിന്റെ കിടപ്പ് എന്നതിനാല്‍ പ്രതിരോധത്തിലൂന്നിയ രൂപകല്‍പ്പനയാണ് കേരളത്തിന് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു. വിവിധ അഭിപ്രായക്കാരും താത്പര്യക്കാരും ഉണ്ടാകുമെന്നതിനാല്‍ നഗരരൂപകല്‍പ്പനയില്‍ ഡിസൈര്‍മാര്‍ ഇക്കാര്യത്തില്‍ സമവായം സൃഷ്ടിക്കുന്നവരുടെ പങ്കും വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ടെ ഫ്രീഡം സ്‌ക്വയര്‍, കള്‍ച്ചറല്‍ ബീച്ച്, തലശ്ശേരിയിലെ ഹെറിറ്റേജ് പ്രൊജക്ട് എന്നിവ രൂപകല്‍പ്പന ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച വിവേക് ഒരേ സമയം കാര്യക്ഷമവും പാരിസ്ഥിതി സൗഹാര്‍ദപരവും സാംസ്‌കാരിക സമന്വയത്തിലൂന്നുന്നതുമായ രൂപകല്‍പ്പനയുടെ പ്രധാന്യം വിശദീകരിച്ചു. അരികുവല്‍ക്കരിക്കപ്പെട്ട ആളുകള്‍ക്കു വേണ്ടി ജോലി ചെയ്യുമ്പോഴല്ല അവരോടൊപ്പം ജോലി ചെയ്യുമ്പോഴാണ് അവര്‍ക്കു വേണ്ടിയുള്ള രൂപകല്‍പ്പനയും അവരുടെ പങ്കാളിത്തവും ഉറപ്പുവരുത്താനാവുന്നതെന്നും നിലമ്പൂരിലെ ആദിവാസി മേഖലയില്‍ ജോലി ചെയ്തതിന്റെ അനുഭവങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

ഒരു പദ്ധതിയുടെ ഗുണഭോക്താക്കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ യഥാര്‍ഥ പ്രശ്നങ്ങള്‍ മനസ്സിലാവുകയുള്ളുവെന്ന് തമിഴ്നാട്ടിലെ തൊല്‍കാപ്പിയ പൂംഗ ഇക്കോളജിക്കല്‍ പ്രൊജക്ട്, കോവളത്തെ കേരള വില്ലേജ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് പ്രൊജക്ട് എന്നിവയുടെ രൂപകല്‍പ്പന നിര്‍വഹിച്ച ബിലി ഇ മേനോന്‍ പറഞ്ഞു. നഗരരൂപകല്‍പ്പനയില്‍ സാംസ്‌കാരികവും പാരിസ്ഥിതികവുമായ വിദ്യാഭ്യാസവും പുതിയ തലമുറയെ ഉള്‍പ്പെടുത്തേണ്ടതും നിര്‍ബന്ധമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!