ഗള്‍ഫ് നാടുകളില്‍ കേരള ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോകള്‍; ഇന്‍മെക്ക് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തി

Web Desk
1 Min Read

കൊച്ചി: കേരളത്തിന്റെ വ്യവസായ സാധ്യതകള്‍ ആഗോള നിക്ഷേപകരുടെ മുന്നിലെത്തിക്കുകയും വിദേശ നിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതിന് യു എ ഇ ഉള്‍പ്പെടെയുള്ള ജി സി സി രാജ്യങ്ങളില്‍ നിക്ഷേപ റോഡ് ഷോകളും ബിസിനസ് സംവാദങ്ങളും സംഘടിപ്പിക്കാന്‍ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി വി ഡി സതീശനും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇന്‍മെക്ക് പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീനും സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനും പ്രതിനിധി സംഘത്തെ നയിച്ചു.

city exchange

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജി സി സി രാജ്യങ്ങളിലെയും സജീവ ചാപ്റ്ററുകളുടെ ശൃംഖല പ്രയോജനപ്പെടുത്തി കേരളത്തെയും നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും പ്രവാസി ഇന്ത്യന്‍ സമൂഹത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന പാലമായി പ്രവര്‍ത്തിക്കാന്‍ ഇന്‍മെക്ക് സന്നദ്ധമാണെന്ന് പ്രതിനിധി സംഘം അറിയിച്ചു. നിക്ഷേപ റോഡ് ഷോകള്‍, ബിസിനസ് പ്രതിനിധി സംഘങ്ങളുടെ സന്ദര്‍ശനങ്ങള്‍, ബി2ബി കൂടിക്കാഴ്ചകള്‍, നിക്ഷേപക സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ ഇന്‍മെക്ക് തയ്യാറാണെന്നും കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ പ്രചരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ദുബായും മറ്റ് ജി സി സി രാജ്യങ്ങളും സന്ദര്‍ശിക്കണമെന്ന ക്ഷണവും നല്‍കി.

തൊഴില്‍ അന്വേഷിക്കുന്നവരെ സംരംഭകരായും തൊഴില്‍ദാതാക്കളായും മാറ്റുക എന്ന ലക്ഷ്യത്തോടെ ഇന്‍മെക്ക് നടപ്പാക്കുന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതിയെക്കുറിച്ചും ‘മൈ ജോബ് മൈ ബിസിനസ്’ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

നിര്‍ദേശങ്ങള്‍ക്ക് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പൂര്‍ണ പിന്തുണ ഉറപ്പുനല്‍കി. നിര്‍ദേശങ്ങള്‍ പ്രായോഗികതലത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷുമായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രത്തന്‍ കേല്‍ക്കറുമായും വിശദമായ ചര്‍ച്ചകളും നടത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!