
കൊച്ചി: പതിനൊന്നാമത് എം കെ കെ നായര്‍ സ്മാരക പ്രഭാഷണം കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് മുഖ്യപ്രഭാഷണം നടത്തി. കെ എം എ പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ എം എ മുന്‍പ്രസിഡന്റ് എസ് ജയതിലകന്‍ എം കെ കെ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി.


എം കെ കെ നായരുമായി നേരിട്ട് പരിചമില്ലെങ്കിലും അദ്ദേഹത്തെ കുറിച്ച് പല തവണ കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ടെന്ന് ഡോ. വി പി ജോയ് പറഞ്ഞു. മാനേജ്‌മെന്റ് രംഗത്തോ വ്യവസായ രംഗത്തോ മാത്രമല്ല കലാ- സാഹിത്യ- സാംസ്‌ക്കാരിക മേഖലകളില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സംഭാവനകളുണ്ടായിരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.

നേതൃത്വവും മാനേജ്മന്റ് അഥവാ നിര്‍വ്വഹണവും വിഭിന്നമാണ് എന്ന് ഉദാഹരണങ്ങള്‍ സഹിതം ഡോ. ജോയ് മുഖ്യപ്രഭാഷണത്തില്‍ വിവരിച്ചു. നേതൃത്വമെന്നത് നാലു തരത്തിലുള്ളവരാണെന്ന് ചൈനീസ് തത്വചിന്തകന്‍ ലാവോത്സുവിനെ ഉദ്ധരിച്ച് ഡോ. വി പി ജോയി പറഞ്ഞു. മികച്ച നേതാക്കളെന്നാല്‍ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോഴും ആരും അറിയില്ലെന്നും എന്നാല്‍ തങ്ങളെല്ലാവരും ചേര്‍ന്നാണ് പദ്ധതി നിര്‍വഹണം നടത്തിയതെന്ന് എല്ലാവരും പറയുന്ന അവസ്ഥയുമുണ്ടാകും. മികച്ച നേതാക്കള്‍ അറിയപ്പെടാതിരിക്കുന്നവരാണെങ്കിലും രണ്ടാം വിഭാഗത്തിലുള്ളവര്‍ മികച്ച രീതിയില്‍ അറിയപ്പെടുന്നവരായിരിക്കും. മൂന്നാം വിഭാഗത്തിലുള്ള നേതാക്കളെ പൊതുവെ കൂടെയുള്ളവര്‍ ഭയക്കുന്നവരും നാലാം വിഭാഗത്തിലുള്ളവരെ സഹപ്രവര്‍ത്തകര്‍ വെറുക്കുന്നവരും ആകും.
എന്തു നേടി എന്നല്ല എന്തു മറ്റുള്ളവര്‍ക്ക് നല്കിയെന്നതാണ് പരിഗണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കഴിവുകള്‍ പ്രകടിപ്പിച്ചു മുന്നോട്ടു പോകുമ്പോഴാണ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വിജയിക്കുന്നത്. ഉയരങ്ങളിലേക്ക് പോകാനുള്ള ഏണി കയറുന്നതാണ് മാനേജ്‌മെന്റ് കഴിവുകളെങ്കില്‍ ഉയരത്തിലേക്ക് ചുവടുവെയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ചുമരിലേക്ക് ഏണി വെക്കുന്നതാണ് നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. ഏതു വാഹനത്തില്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നു എന്നതിനേക്കാള്‍ ഏതു വാഹനത്തിലായാലും ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യത്തിലേക്കുള്ള ദിശ തെറ്റിയാല്‍ എത്ര വേഗത്തില്‍ സഞ്ചരിച്ചാലും എത്തിച്ചേരാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കാഴ്ചപ്പാടും ലക്ഷ്യവും കൃത്യമാണെങ്കില്‍ സമയം വൈകിയാലും ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിച്ചേരാനാവും. ലോകത്ത് കാര്യങ്ങളും അവസ്ഥകളും മാറിമാറി വരികയാണ്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഡോ. വി പി ജോയി ചൂണ്ടിക്കാട്ടി.
പുതിയ തലമുറ എം കെ കെ നായരെ കുറിച്ചു കേട്ടിട്ടുണ്ടാകുമെങ്കിലും അദ്ദേഹം നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്കുണ്ടാകണമെന്നില്ലെന്ന് എം കെ കെ നായര്‍ സ്മാരക പ്രഭാഷണം നിര്‍വഹിച്ച് എസ് ജയതിലകന്‍ പറഞ്ഞു. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ പ്രൊജക്ട് മാനേജരായി പ്രവര്‍ത്തിച്ചത് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു എം കെ കെ നായരെന്ന് അദ്ദേഹം ഓര്‍മിച്ചു. ബിസിനസ് മാനേജ്മന്റ് തലങ്ങളില്‍ മാത്രമല്ല കലാ സാംസ്‌കാരിക മേഖലകളിലും അതുല്യമായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ എം കെ കെ നായര്‍ക്ക് കഴിഞ്ഞുവെന്ന് ജയതിലകന്‍ ഓര്‍മ്മിച്ചു. ഒരു പതിറ്റാണ്ടിലേറെക്കാലം കെ എം എയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച എം കെ കെ നായര്‍ കെ എം എയുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് മാധവ് ചന്ദ്രന്‍ പറഞ്ഞു. 2011 മുതല്‍ എല്ലാ വര്‍ഷവും കെ എം എ എം കെ കെ നായര്‍ സ്മാരക പ്രഭാഷണം നടത്തി വരുന്നു. സ്മാരക പ്രഭാഷണം കമ്മിറ്റി ചെയര്‍മാന്‍ എ സി കെ നായര്‍ സ്വാഗതവും കെ എം എ ജോയിന്റ് സെക്രട്ടറി അല്‍ജിയേഴ്‌സ് ഖാലിദ് നന്ദിയും പറഞ്ഞു.

