എന്‍സിപി നേതാവ് നവാബ് മാലിക്കിന് മറുപടിയുമായി സമീര്‍ വാംഗഡെ

Web Desk
2 Min Read

മുംബൈ: തനിക്കെതിര ആരോപണം ഉന്നയിച്ച എന്‍സിപി നേതാവ് നവാബ് മാലിക്കിന് മറുപടിയുമായി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഗഡെ. ചിലര്‍ തന്നെ ലക്ഷ്യമിടുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് സമീര്‍ തന്റെ ഭാഗം വിശദീകരിച്ചത്. മരിച്ചുപോയ അമ്മയുടെ പേരില്‍ വരെ ആരോപണം ഉന്നയിക്കുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സമീര്‍ വാംഗഡെ മുസ്ലിമാണെന്നും ജോലിക്കായുള്ള പരീക്ഷയില്‍ സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവെച്ച് സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്നുമായിരുന്നു എന്‍സിപി നേതാവ നവാബ് മാലിക്കിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ടതെന്ന് അകാശപ്പെട്ട് രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. സമീര്‍ ദാവൂദ് വാംഗഡെ എന്നാണ് യഥാര്‍ഥ പേരെന്നും നവാബ് മാലിക് അവകാശപ്പെട്ടു.
ഇതിന് മറുപടിയായാണ് സമീര്‍ പ്രസ്താവനയുമായി രംഗത്തുവന്നത്. തന്റെ വ്യക്തിപരമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അപകീര്‍ത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. തന്നെയും കുടുംബത്തെയും പിതാവിനെയും മരിച്ചുപോയ മാതാവിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. മന്ത്രിയുടെ പ്രസ്താവന കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണെന്നും സമീര്‍ വ്യക്തമാക്കി.
തന്റെ പിതാവ് ധന്യദേവ് കച്റൂജി വാംഖഡെ ഹിന്ദുവാണ്. എക്സൈസ് വകുപ്പില്‍ നിന്ന് സീനിയര്‍ ഓഫിസറായാണ് അദ്ദേഹം വിരമിച്ചത്. മാതാവ് സഹീദ മുസ്ലിമാണ്. അവര്‍ മരിച്ചുപോയി. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ഉള്‍പ്പെടുന്നത്. അതില്‍ അഭിമാനമുണ്ടെന്നും സമീര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 2006ല്‍ ഡോ. ശബ്ന ഖുറേഷിയെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു. 2016ല്‍ ഞങ്ങള്‍ നിയമപരമായി വിവാഹമോചനം നേടി. 2017ല്‍ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തുവെന്നും സമീര്‍ വ്യക്തമാക്കി.
പട്ടികജാതി സംവരണത്തില്‍ ജോലി കിട്ടാനായാണ് സമീര്‍ വാംഖഡെ തന്റെ മതം തിരുത്തിയതെന്നാണ് നവാബ് മാലിക് ആരോപിച്ചിരുന്നത്. വാംഖഡെയുടെ ജനനസര്‍ട്ടിഫിക്കറ്റാണെന്ന പേരിലാണ് മാലിക് സര്‍ട്ടിഫിക്കറ്റ് ട്വീറ്റ് ചെയ്തത്. ഷബ്ന ഖുറേഷിയുമായുള്ള സമീര്‍ വാംഖഡെയുടെയും നിക്കാഹിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തനിക്ക് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളും ഏറെ വേദനിപ്പിക്കുന്നതായി സമീര്‍ പറഞ്ഞു.ആഡംബരക്കപ്പല്‍ ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത് മുതല്‍ സമീര്‍ വാംഗഡെക്കെതിരെയും എന്‍.സി.ബിക്കെതിരെയും ആരോപണവുമായി മന്ത്രി നവാബ് മാലിക് രംഗത്തുണ്ടായിരുന്നു. ബിജെപിയുടെ പാവയാണ് സമീര്‍ വാംഗഡെയെന്നും ആര്യന്‍ ഖാനെ കേസില്‍ കുടുക്കുകയാണെന്നുമാണ് മാലിക് ആരോപിച്ചത്.
എന്‍.സി.ബി. എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ്ങിന്റെ മേല്‍നോട്ടത്തിലാണ് സമീറിനെതിരായ അന്വേഷണം. അന്വേഷണത്തിന് തുടക്കമിട്ടിട്ടേയുള്ളൂവെന്നും സമീര്‍ വാംഗഡെ സ്ഥാനത്ത് തുടരുമോയെന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും ഗ്യാനേശ്വര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേഷര്‍ സിങ് എന്‍.സി.ബിയുടെ ചീഫ് വിജിലന്‍സ് ഓഫിസര്‍ കൂടിയാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!